സുപ്രധാന കേസില്‍ എന്‍.ഐ.എയുടെ തെളിവ് വാട്ട്‌സാപ്പും യുട്യൂബും

ന്യൂദല്‍ഹി- ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരി നേതാക്കള്‍ പാക്കിസ്ഥാനില്‍നിന്ന് പണം കൈപ്പറ്റുന്നുവെന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ടുവെക്കുന്ന തെളിവുകള്‍ വെബ്‌സൈറ്റും വാട്ട്‌സാപ്പും യുട്യൂബും. വ്യക്തമായ തെളിവുകളില്ലാത്ത കുറ്റപത്രമാണ് സുപ്രധാന കേസില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് 
 
കശ്മീര്‍ താഴ്‌വരയില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ എങ്ങനെ കല്ലെറിയലും പാക്കിസ്ഥാന്‍ ദിനാചരണവുമൊക്കെ സംഘടിപ്പിക്കുന്നുവെന്ന വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
കശ്മീരി നേതാക്കളടക്കം 12 പേര്‍ക്കെതിരെ ആറു മാസം മുമ്പാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് രജിസ്റ്റര്‍ ചെയ്തത്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളായ ലശ്കറെ തയ്യിബയില്‍നിന്നും ഹിസ്ബുല്‍ മുജാഹിദീനില്‍നിന്നും ഇവര്‍ പണം കൈപ്പറ്റുന്നുവെന്നാണ് ആരോപണം. പ്രതികള്‍ക്ക് ലശ്കറെ തയ്യിബ നേതാവ് ഹാഫിസ് സഈദുമായും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനുമായും അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കുന്നു.
എന്നാല്‍ 1200 പേജ് വരുന്ന ചാര്‍ജ് ഷീറ്റില്‍ പ്രതികളെ കുറിച്ച് വാട്ട്‌സാപ്പിലും വെബ് സൈറ്റിലുമൊക്കെ ലഭ്യമായ പൊതുവിവരങ്ങളെയാണ് എന്‍.ഐ.എ ആശ്രയിച്ചിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളിലെ പങ്കാളിത്തം, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി എഴുതിയ കത്ത്, ഭീകരതയുടെ ചരിത്രം, പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ ഐ.എസ് പോസ്റ്ററുകളും പാക്കിസ്ഥാന്‍ പതാകകളും ഉയര്‍ത്തുന്നത്, കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്കായുള്ള സഹായ അഭ്യര്‍ഥന, സംഘടനാ അംഗങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങി എന്‍.ഐ.എ തെളിവായി ഉദ്ധരിക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന തുറന്ന വിവരങ്ങള്‍ മാത്രമാണ്.
ഹുര്‍രിയത്ത് കോണ്‍ഫറന്‍സും വിഘടനവാദ അജണ്ടകളും എന്ന തലക്കെട്ടില്‍ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത് സ്വതന്ത്ര്യ പോരാട്ടത്തെ കുറിച്ചും മറ്റും പ്രതിപാദിക്കുന്ന അതിന്റെ വെബ് സൈറ്റാണ്. 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കാലു കുത്തിയതുമുതല്‍ ജമ്മു കശ്മീര്‍ ജനത ഇന്ത്യന്‍ അധിനിവേശത്തിനെതിരെ പൊരുതുകയാണെന്ന് വെബ് സൈറ്റില്‍ പറയുന്നു.
കേസില്‍ കോടികളുടെ സംശയാസ്പദ ഇടപാടുകള്‍ കണ്ടെത്തിയെന്നാണ് എന്‍.ഐ.എ നേരത്തെ അവകാശപ്പെട്ടിരുന്നതെങ്കിലും അതിന്റെ സ്രോതസ്സുകളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കുറ്റപത്രത്തിലില്ല. കശ്മീരി ബിസിനസുകാരനായ വതാലി എന്നയാളുടെ അക്കൗണ്ട് ബുക്കില്‍  ഫണ്ടുകളുടെ വിശദാംശങ്ങള്‍ ഉണ്ടെന്ന് മാത്രം എന്‍.ഐ.എ അവകാശപ്പെടുന്നു.

Latest News