Sorry, you need to enable JavaScript to visit this website.

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ

കോവിഡ് രോഗത്തെ കുറിച്ച് കുട്ടികളിൽ ജാഗ്രത വളർത്താൻ അവർക്ക് കഴിയണം. കുട്ടികൾക്ക് ജലദോഷമോ പനിയോ ഉണ്ടെങ്കിൽ പോലും സ്‌കൂളിൽ അയക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കുട്ടികളിൽ ശീലിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണ്. കോവിഡ് വ്യാപനം നിലയ്ക്കുന്നതു വരെ സ്‌കൂളുകളിലെ ഇടപെടലുകൾ കുറക്കാൻ മക്കൾക്ക് രക്ഷിതാക്കൾ പറഞ്ഞു കൊടുക്കണം. അവർ രോഗവാഹകരാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് കൂടിയുണ്ട്. കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടമാണ് വിദ്യാലയങ്ങൾ എന്ന ബോധ്യം രക്ഷിതാക്കളിലും വിദ്യാർഥികളിലും ഉണ്ടാകേണ്ടതുണ്ട്.

ഒന്നര വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ കേരള പിറവി ദിനത്തിൽ വീണ്ടും തുറക്കുമ്പോൾ കൗതുകത്തോടെ കുട്ടികളും ആശങ്കകളോടെ രക്ഷിതാക്കളും കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം ലോകം മുഴുവൻ ലോക്ഡൗണിലായപ്പോൾ ആദ്യഘട്ടത്തിൽ തന്നെ അടക്കപ്പെട്ട സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ. ആയിരക്കണക്കിന് വിദ്യാർഥികൾ ഒത്തുചേരുന്ന വിദ്യാലയങ്ങളിൽ കോവിഡ് വ്യാപനം അപകടകരമായിരിക്കുമെന്ന ആശങ്കയായിരുന്നു വിദ്യാലയങ്ങൾ അടച്ചിടലിലേക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. പിന്നീട് ഘട്ടംഘട്ടമായി എല്ലാ മേഖലകളിലും ലോക്ഡൗണുകൾ വന്നു.
ലോക്ഡൗൺ കാലത്തും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ നടന്നുവെന്നത് ഭരണ സംവിധാനങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും മികവായി ചരിത്രം രേഖപ്പെടുത്തും. ഓൺലൈൻ ക്ലാസുകളിലൂടെ വിദ്യാർഥികൾ പഠനം തുടർന്നു. 
പരീക്ഷകളെഴുതി. അടുത്ത ക്ലാസുകളിലേക്ക് വിജയിച്ചു. സ്‌കൂളിൽ എത്താതെ തന്നെ പഠനം തുടരാമെന്ന പുതിയ ജീവിതാനുഭവം വിദ്യാർഥികളിലുണ്ടായി. എന്നാൽ ഏറെക്കാലം ഈ അവസ്ഥ തുടരാനാകില്ലെന്ന തിരിച്ചറിവാണ്, കോവിഡ് വ്യാപനം തുടരുമ്പോഴും സ്‌കൂളുകൾ തുറക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നത്.
തുറക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങളിലാണ് വിദ്യാലയങ്ങൾ. നവംബർ ഒന്നിന് ക്ലാസുകൾ നിയന്ത്രിതമായി തുടങ്ങണമെന്ന നിർദേശം മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. 
ഓരോ വിദ്യാലയത്തിലെയും കുട്ടികളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടത് വിദ്യാലയ അധികൃതരാണ്. 
ഇതിനായി കുറെ നാളുകളായി സ്‌കൂളുകളിൽ മീറ്റുംഗുകളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു വരികയാണ്. ക്ലാസ് മുറികൾ അണുനശീകരണം നടത്തി വൃത്തിയാക്കുക, വിദ്യാർഥികൾ എത്തുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ സജ്ജമാക്കുക, സ്‌കൂൾ ബസുകളുടെ സർവീസുകൾ ക്രമീകരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ആലോചിക്കേണ്ടതുണ്ട്.
ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികളിലുണ്ടാക്കിയ മനഃശാസ്ത്രപരമായ മാറ്റം മുന്നിൽ കണ്ടുകൊണ്ടു വേണം വിദ്യാർഥികളെ സ്‌കൂളുകളിലേക്ക് വീണ്ടും വരവേൽക്കാൻ എന്നതാണ് അധ്യാപകർ നേരിടുന്ന പുതിയ വെല്ലുവിളി. രണ്ടു വർഷത്തോളമായി വീടുനുള്ളിൽ മാത്രം കഴിഞ്ഞുകൂടി, ടി.വിയിലോ മൊബൈലിലോ സമയം ചെലവഴിച്ച കുട്ടികൾ വീണ്ടും സാമൂഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകാവുന്ന പ്രതികരണങ്ങൾ എന്തെല്ലാമെന്ന് ഊഹിക്കാനാകില്ല. 
ഈ വിഷയം മുന്നിൽ കണ്ട്, ക്ലാസുകളിൽ പഠനം പെട്ടെന്ന് ആരംഭിക്കേണ്ടതില്ലെന്നും കുട്ടികൾ മാനസികമായ മാറ്റത്തിനുള്ള സമയം കൊടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പഴയ സഹപാഠികളെ കാണുമ്പോൾ കുട്ടികളിലുള്ള സന്തോഷത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കപ്പെടുമോ എന്ന ആശങ്ക അധ്യാപകർക്കുണ്ട്. സ്‌കൂൾ തുറക്കുന്നത് കുട്ടികളിൽ സന്തോഷവും കൗതുകവുമുണർത്തുന്ന കാര്യമാണ്. 
വീടിന്റെ ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടിരുന്ന അവർ സ്വാതന്ത്ര്യത്തിന്റെ പഴയ ലോകത്തേക്ക് വീണ്ടും ഒാടിയെത്തുകയാണ്. ആ സന്തോഷത്തിൽ, ലോകത്തു നിന്ന് പടിയിറങ്ങിയിട്ടില്ലാത്ത കൊറോണ വൈറസുകൾ അദൃശ്യ ഭീഷണിയായി ചുറ്റുമുണ്ടെന്ന് ചിന്തിക്കാൻ അവർ മെനക്കെട്ടെന്ന് വരില്ല. അച്ചടക്കത്തിന്റെ ചൂരൽ വീശിക്കൊണ്ടു തന്നെ വിദ്യാർഥികളെ ക്ലാസുകളിൽ പിടിച്ചിരുത്താൻ അധ്യാപകർ നിർബന്ധിതരാകും.
മലബാർ മേഖലയിലാണ് സംസ്ഥാനത്ത് കൂടുതൽ സ്‌കൂളുകളും വിദ്യാർഥികളും ഉള്ളത് എന്നതിനാൽ ഈ ജില്ലകളിൽ മുൻകരുതലുകൾ കൂടുതൽ ആവശ്യമായി വരും. സംസ്ഥാനത്തെ മൊത്തം വിദ്യാലയങ്ങളുടെ പകുതിയോളം വിദ്യാലയങ്ങൾ മലബാർ മേഖലയിൽ വരുന്ന ആറ് ജില്ലകളിലാണ്. 
ഏറ്റവും കൂടുതൽ വിദ്യാലയങ്ങളുള്ള മലപ്പുറം ജില്ല കോവിഡ് വ്യാപനത്തിൽ മുന്നിലാണെന്നതും ആശങ്കയുളവാക്കുന്നതാണ്. സമ്പർക്കർത്തിലൂടെയുള്ള കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ കുട്ടികളിൽ ആരൊക്കെ വൈറസ് വാഹകരാണ് എന്നതും ഗൗരവത്തോടെ ചിന്തിക്കേണ്ടി വരും.
വിദ്യാലയങ്ങൾ തുറക്കേണ്ടത് ഒരു അനിവാര്യതയായി സർക്കാരിനും സമൂഹത്തിനും മുന്നിലുണ്ട്. ഏറെക്കാലം വിദ്യാലയങ്ങൾ അടച്ചിടുന്നത് വിദ്യാർഥികളുടെ മാനസിക നിലയിലും വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തിലും മാറ്റങ്ങളുണ്ടാക്കിയേക്കാം. കോവിഡിനൊപ്പം ജീവിക്കുകയെന്ന നിലപാടു തന്നെയാണ് വിദ്യാഭ്യാസ രംഗത്തും അനുവർത്തിക്കാനാകുക.
വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ ഒരുക്കുമ്പോൾ സർക്കാരിനും സ്‌കൂൾ മാനേജ്‌മെന്റിനും പി.ടി.എകൾക്കും ഉള്ള ഉത്തരവാദിത്തങ്ങൾ വലുതാണ്. 
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ സജ്ജമാക്കുന്നതിൽ അവർക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട്. 
ഇതിനായി വരുന്ന ചെലവുകൾക്ക് പണം കണ്ടെത്തേണ്ടതുണ്ട്. അധികൃതർക്കൊപ്പം രക്ഷിതാക്കൾക്കും ഈ സാഹചര്യത്തിൽ സുപ്രധാനമായ ഉത്തരവാദിത്തങ്ങളാണുള്ളത്. കുട്ടികൾ സുരക്ഷിതരായി സ്‌കൂളിൽ പോയി വരുന്നു എന്ന് ഉറപ്പാക്കുകയാണ് അതിൽ പ്രധാനം. 
കോവിഡ് രോഗത്തെ കുറിച്ച് കുട്ടികളിൽ ജാഗ്രത വളർത്താൻ അവർക്ക് കഴിയണം. കുട്ടികൾക്ക് ജലദോഷമോ പനിയോ ഉണ്ടെങ്കിൽ പോലും സ്‌കൂളിൽ അയക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കുട്ടികളിൽ ശീലിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണ്. 
കോവിഡ് വ്യാപനം നിലയ്ക്കുന്നതു വരെ സ്‌കൂളുകളിലെ ഇടപെടലുകൾ കുറക്കാൻ മക്കൾക്ക് രക്ഷിതാക്കൾ പറഞ്ഞു കൊടുക്കണം. 
അവർ രോഗവാഹകരാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് കൂടിയുണ്ട്. കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടമാണ് വിദ്യാലയങ്ങൾ എന്ന ബോധ്യം രക്ഷിതാക്കളിലും വിദ്യാർഥികളിലും ഉണ്ടാകേണ്ടതുണ്ട്.
 

Latest News