Sorry, you need to enable JavaScript to visit this website.

നടന വൈഭവത്തിന്റെ കൊടിയിറക്കം

ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂർവ പ്രതിഭകളിൽ ഒരാളാണ് നെടുമുടി. നാടകക്കളരികൾ മലയാള സിനിമയ്ക്ക്  സമ്മാനിച്ച കലാകാരന്മാരിൽ ഒരാൾ കൂടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്.

വാട്ട്‌സ്്ആപ്പും ഇൻസ്റ്റയും സജീവമല്ലാത്ത എൺപതുകളിൽ യുവതയുടെ ഏറ്റവും വലിയ നേരംപോക്ക് സിനിമാ കഥകൾ പറഞ്ഞിരിക്കുകയെന്നതായിരുന്നു. മനുഷ്യർ ധാരാളമായി പരസ്പരം സംസാരിച്ചിരുന്ന കാലം. 1981 ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് വിടപറയും മുമ്പേ. വാണിജ്യ വിജയം കൈവരിച്ച ചിത്രം. കാൻസർ വന്ന്് മരിക്കലൊക്കെ അന്നത്തെ ഫോർമുല ചിത്രങ്ങളിൽ സർവ സാധാരണം. എങ്കിലും കല്യാണ വീടുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും വെച്ച് കുമാരിമാർ ഈ സിനിമയുടെ കഥ കാതു മാറിക്കൊണ്ടേയിരുന്നു. പ്രമുഖ കേന്ദ്രങ്ങളിൽ നൂറു ദിവസങ്ങൾ നിറഞ്ഞോടിയ ചിത്രം. സേവ്യർ എന്ന നെടുമുടി കഥാപാത്രത്തിന്റെ അനുഭവം പറഞ്ഞ് സങ്കടപ്പെടുകയായിരുന്നു അന്നത്തെ യുവതലമുറ. കെ.ജി ജോർജ് ചിത്രമായ യവനിക സർവത്ര ചർച്ചാ വിഷയമായി. അതിന് മുമ്പ് തകരയിലെ ചെല്ലപ്പനാശാരിയിലൂടെയാണ് നെടുമുടിയുടെ അഭിനയ സിദ്ധി തിരിച്ചറിഞ്ഞത്. 
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാ നടന്റെ ഉദയ കാലമായിരുന്നു അത്. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടർന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ നെടുമുടി വേണുവിന്റെ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറാൻ വേണുവിന് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. സ്വതഃസിദ്ധമായ അഭിനയവും ശരീര ഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ദൂരദർശൻ പ്രതാപകാലത്ത് ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായി. 
മലയാള സിനിമയിലെ സകലകലാ വല്ലഭൻ ആരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. അത് നെടുമുടി വേണുവാണ്. ആ വല്ലഭനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്. ഏഴുപതുകളുടെ അവസാനം തുടങ്ങിയ നവസിനിമാ തരംഗത്തിന്റെ നെടുംതൂണാണ് അദ്ദേഹം. 
ഒരു കാലത്ത് പത്മരാജൻ, ഭരതൻ ചിത്രങ്ങൾക്ക് വേണുവില്ലാതെ ചിത്രീകരണം പോലും സാധ്യമല്ല എന്ന അവസ്ഥയുണ്ടായിരുന്നു. അത്രത്തോളം മലയാള സിനിമയെ സ്വാധീനിച്ചിരുന്നു വേണു.  മലയാള സിനിമയിലെ തന്നെ മഹാനടന്മാരിൽ തലപൊക്കത്തോടെ നിൽക്കാനും നെടുമുടിക്ക് സാധിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവ നടനുമൊക്കെയായി നിറഞ്ഞുനിന്ന വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറു വട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003 ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007 ൽ സിംബാബ്‌വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യൻ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭാ പുരസ്‌കാരം, ബഹദൂർ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
അപ്പുണ്ണി, പാളങ്ങൾ, ചാമരം, തകര, കള്ളൻ പവിത്രൻ, മംഗളം നേരുന്നു, കോലങ്ങൾ, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സർഗം, പഞ്ചവടി പാലം, അക്കരെ, ഇരകൾ, അടിവേരുകൾ, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്ത്, പെരുംതച്ചൻ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിൾ ബൺ, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോൾ, ശ്രീരാഗം, സ്ഫടികം, ദേവരാഗം, ഗുരു, ചുരം, സുന്ദര കില്ലാടി, ഹരികൃഷ്ണൻസ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയിൽ, തിളക്കം, ബാലേട്ടൻ, ജലോത്സവം, തന്മാത്ര, പാസഞ്ചർ, ബെസ്റ്റ് ആക്ടർ, ആകാശത്തിന്റെ നിറം, ആലിഫ്, നിർണായകം, ചാർലി, പാവാട, കാർബൺ, താക്കോൽ, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മൊഗാമൽ, ഇന്ത്യൻ, അന്യൻ, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സർവം താളമയം, ഇന്ത്യൻ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിൽ വേഷമിട്ടു. ചോർ രഹേൻ എന്ന ഹിന്ദി ചിത്രത്തിലും ഇഷ്ടി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണക്കഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു. 
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻഎസ്എസ് ഹയർ സെക്കണ്ടറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ, ആലപ്പുഴ എസ്ഡി കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളേജ് പഠന കാലത്തു തന്നെ സാംസ്‌കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
ബാല്യകാലം മുതൽ തന്നെ വായനയോടും എഴുത്തിനോടും അതിയായ താൽപര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങൾ എഴുതുമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തു. 
കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യപകനായും ജോലി നോക്കിയിട്ടുണ്ട് വേണു. കമൽ ഹാസൻ തന്റെ പ്രതിഭയ്‌ക്കൊപ്പമോ മുകളിലോ പോകുന്നത് നെടുമുടി വേണു മാത്രമാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. മലയാളത്തിൽ നിങ്ങൾ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്ക് വരൂ എന്ന് അഭ്യർത്ഥിച്ചിരുന്നു കമൽ ഹാസൻ. ശിവാജി ഗണേഷൻ കൊടുമുടി വേണു എന്ന് വേണുവിനെ വിളിക്കണമെന്നാണ് പറഞ്ഞത്. അഭിനയത്തിന്റെ കൊടുമുടി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് നടി ശാരദ പറഞ്ഞിരുന്നു. എന്നാൽ വേണുവിന് പകരം വെക്കാൻ ആ ഭാഷകളിൽ മറ്റ് ആളുകളില്ലെന്നും, അതുകൊണ്ട് ചെയ്യുന്നില്ലെന്നും ശാരദ വേണുവിനോട് പറഞ്ഞിരുന്നു. ആൻമെയ് ക്രിയേഷൻസിന്റെ ബാനറിൽ അനിൽ കുമാർ  നിർമിച്ച സുബ്രഹ്മണ്യം സംവിധാനം ചെയ്ത  'എന്റെ മഴ' എന്ന ചിത്രത്തിലാണ്  നെടുമുടി വേണു അവസാനമായി അഭിനയിച്ചത്. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂർവ പ്രതിഭകളിൽ ഒരാളാണ് നെടുമുടി. നാടകക്കളരികൾ മലയാള സിനിമയ്ക്ക്്  സമ്മാനിച്ച കലാകാരന്മാരിൽ ഒരാൾ കൂടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്.

Latest News