Sorry, you need to enable JavaScript to visit this website.

ഫീസ് അടക്കാത്തതിനാൽ സ്കൂൾ പേരു വെട്ടി, ആത്മഹത്യയ്ക്കു ശ്രമിച്ചു; പരീക്ഷാ ഫലം വന്നപ്പോള്‍ ഒന്നാമത്

ബെംഗളുരു- ഫീസ് അടക്കാന്‍ കഴിയാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ പേര് വെട്ടുകയും പത്താം ക്ലാസ് പരീക്ഷാ ഹാള്‍ടിക്കറ്റ് തടയുകയും ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി പരീക്ഷാ ഫലം വന്നപ്പോള്‍ ഒന്നാമത്. 16കാരിയായ ദക്ഷിണ കന്നഡ സ്വദേശി ഗ്രീഷ്മ നായക് ആണ് കര്‍ണാടക എസ്എസ്എല്‍സി സപ്ലിമെന്ററി പരീക്ഷയില്‍ ഒറ്റയ്ക്ക് പഠിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്. തിങ്കളാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്ന ഗ്രീഷ്മ ദക്ഷിണ കന്നഡയിലെ ആല്‍വാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വരെ വിദ്യാര്‍ത്ഥിനി ആയിരുന്നു. പിന്നീട് ഫീസ് അടക്കാന്‍ കുടുംബത്തിന് കഴിയാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പത്താം ക്ലാസിലേക്ക് പ്രവേശനം നല്‍കിയില്ല. 

ബോര്‍ഡ് പരീക്ഷയ്ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തതുമില്ല. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒമ്പതാം ക്ലാസിലേയും പത്താം ക്ലാസിലേയും ഫീസ് ഒന്നിച്ച് അടക്കണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് കൂടുതല്‍ സമയം തേടിയെങ്കിലും അനുവദിച്ചില്ലെന്ന് ഗ്രീഷ്മയുടെ മാതാപിതാക്കളായ നരസിംഹമൂര്‍ത്തിയും അമ്മ പത്മാവതമ്മയും പറയുന്നു. ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കുണ്ടായിട്ടും സ്‌കൂള്‍ അധികൃതര്‍ കനിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രിവരെ ഇടപെട്ടു. 

ഫീസ് അടച്ചില്ലെങ്കിലും ഗ്രീഷ്മയെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും ഹാള്‍ ടിക്കറ്റ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗ്രീഷ്മയെ പുതിയ അപേക്ഷകയായി പരിഗണിച്ച് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ സര്‍ക്കാര്‍ സൗകര്യം നല്‍കുകയായിരുന്നു. അതേസമയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഫലത്തില്‍ ഗ്രീഷ്മയെ ആല്‍വാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ പേര് ഉള്‍പ്പെടുത്തിയതെന്ന് ഗ്രീഷ്മ പറഞ്ഞു. 53,155 വിദ്യാര്‍ത്ഥികള്‍ എഴുതിയ പത്താം ക്ലാസ് സപ്ലിമെന്ററി പരീക്ഷയില്‍ 625ല്‍ 599 മാര്‍ക്കോടെയാണ് (95.84 ശതമാനം) ഗ്രീഷ്മ ഒന്നാമതെത്തിയത്. ഇനി ഡോക്ടറാകാനാണ് മോഹമെന്നും ഗ്രീഷ്മ പറഞ്ഞു.

Latest News