തിരുവനന്തപുരം- കേരളത്തിലെ പുതിയ 7823 പുതിയ കോവിഡ് രോഗികളിൽ 2472 പേരും രണ്ടു ഡോസ് വാക്‌സിൻ എടുത്തവർ. 2036 പേർ ഒരു ഡോസ് വാക്സിനും എടുത്തിരുന്നു. 2281 പേർക്ക് വാക്സിൻ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,50,04,304), 44 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (1,18,63,577) നൽകിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ന്മ ഒക്ടോബർ 5 മുതൽ 11 വരെയുള്ള കാലയളവിൽ, ശരാശരി 1,15,410 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 14,729 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 18%, 15%, 37%, 10%, 13%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
ന്മ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ 6 ശതമാനം പേർ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാൻ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.