ഉദ്യോഗസ്ഥര്‍ക്ക് ഇനി ആര്‍എസ്എസിലും ജമാഅത്തെ ഇസ്ലാമിയിലും ചേരാം; ഹരിയാന വിലക്ക് നീക്കി

ചണ്ഡീഗഢ്- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍എസ്എസ്)ലും ജമാഅത്തെ ഇസ്ലാമിയിലും ചേരുന്നതിന് 54 വര്‍ഷം നിലനിന്നിരുന്ന വിലക്ക് ഹരിയാന സര്‍ക്കാര്‍ നീക്കി. 1967 ഏര്‍പ്പെടുത്തിയ ഈ വിലക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും കത്തു നല്‍കി. ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ചട്ടം. 1967, 1970, 1980 വര്‍ഷങ്ങളില്‍ ഇറക്കിയ ചട്ടങ്ങള്‍ പിന്‍വലിച്ചതായും ഇവ ഇനി പ്രസക്തമല്ലെന്നും ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ തിങ്കളാഴ്ച ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാര്‍, വകുപ്പു മേധാവിമാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍, ബോര്‍ഡുകളുടേയും കോര്‍പറേഷനുകളുടേയും ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡിവിഷനല്‍ കമ്മീഷനര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷനര്‍മാര്‍, യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍, പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് ഇതു സംബന്ധിച്ച കത്തു നല്‍കിയത്. രാജ്യതാല്‍പര്യത്തിനും ഇന്ത്യയുടെ അഖണ്ഡതയ്ക്കും ക്രമസമാധാനത്തിനും വിലങ്ങാകുന്നതുമായ സംഘടനകള്‍ ജീവനക്കാര്‍ അംഗങ്ങളാകരുതെന്നും ഈ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

ആര്‍എസ്എസിലും ജമാഅത്തെ ഇസ്ലാമിയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ 1975ല്‍ നീക്കിയിരുന്നു.
 

Latest News