Sorry, you need to enable JavaScript to visit this website.

കനത്ത മഴ തുടരുന്നു, സംസ്ഥാനം പ്രളയ ഭീതിയിൽ, വൻ നാശനഷ്ടം.രണ്ടു കുട്ടികൾ മരിച്ചു

ശക്തമായ മഴയിൽ തിരുവനന്തപുരത്ത് വിതുരയിൽ റോഡിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ കിളിമാനൂർ കുറിയിടത്തുക്കോണം ശ്യാംകുമാറിന്റെ വീട് ഇടിഞ്ഞു വീണപ്പോൾ

 
കോഴിക്കോട് : സംസ്ഥാനത്താകെ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ വൻ നാശനഷ്ടം. ഇടമുറിയാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മലപ്പുറത്ത് കരിപ്പൂരിൽ വീട് തകർന്ന് വീണ് രണ്ടു പിഞ്ചു കുട്ടികൾ മരിച്ചു .കരിപ്പൂർ ചേന്നാരി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ ഏഴുമാസം മാത്രം പ്രായമുള്ള റിൻസാനയും , എട്ട് വയസുള്ള റിസ്വാനയുമാണ് മരിച്ചത്. കനത്ത നാശനഷ്ടങ്ങളാണ് എല്ലാ ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരങ്ങൾ മുറിഞ്ഞ് വീണും മണ്ണിടിച്ചിലുണ്ടായും പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
 ഒക്ടോബർ 15 വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന് സംസ്ഥാന പ്രളയ ഭീതിയിലാണ്.  കൊണ്ടോട്ടി ടൗൺ വെള്ളത്തിനടിയിലാണ്. 
ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച് അലെർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്.
പാലക്കാട്ട് അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലർച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാർക്കാടുനിന്ന് ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചുനീക്കി. 

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.  വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിലുള്ളവർ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
 

Latest News