റിയാദ് - ബിനാമി ബിസിനസ് നടത്താൻ വിദേശിക്ക് കൂട്ടുനിന്ന സൗദി പൗരൻ കടക്കെണിയിലായി മാറി. ദമാമിൽ കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ അറബ് വംശജന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ 2.6 കോടി റിയാലിന്റെ കടക്കെണിയിലാണ് അകപ്പെട്ടത്. പ്രതിമാസം 5,000 റിയാൽ ഈടാക്കിയാണ് ബിനാമി സ്ഥാപനം നടത്താൻ സൗദി പൗരൻ വിദേശിക്ക് കൂട്ടുനിന്നത്.
കോൺട്രാക്ടിംഗ് സ്ഥാപനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയ വകയിലെ കടങ്ങൾ തിരിച്ചടക്കുന്നതിൽ വിദേശി പരാജയപ്പെട്ടു. ഇതോടെ ബന്ധപ്പെട്ട വകുപ്പുകൾ സൗദി പൗരനെ വിളിച്ചുവരുത്തി. അപ്പോൾ മാത്രമാണ് തന്റെ പേരിൽ വിദേശി നടത്തുന്ന സ്ഥാപനത്തിന്റെ പേരിൽ 2.6 കോടി റിയാലിലേറെ റിയാലിന്റെ കടങ്ങൾ കുമിഞ്ഞുകൂടിയതായി സൗദി പൗരൻ അറിഞ്ഞത്. ബിനാമി ബിസിനസ് കേസിൽ സൗദി പൗരനെയും വിദേശിയെയും വാണിജ്യ മന്ത്രാലയം പിന്നീട് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കേസിൽ കോടതി വിധി പ്രസ്താവിക്കുകയുമായിരുന്നു.