Sorry, you need to enable JavaScript to visit this website.

രണ്ടാമത്തെ വേണുചേട്ടനും യാത്രയായി, ഗദ്ഗദത്തോടെ ചെറിയാന്‍ കല്‍പ്പകവാടി

ആലപ്പുഴ- ഞാന്‍ വേണുചേട്ടാ എന്നു വിളിക്കുന്നത് രണ്ടു വേണുമാരെയാ യിരുന്നു. ഒന്ന് വേണു നാഗവള്ളിയും രണ്ട് നെടുമുടി വേണുവും .യാദൃശ്ചികമാണെങ്കിലും ഈ രണ്ടു വേണുമാരും കുട്ടനാട്ടുകാരായിരുന്നു. നെടുമുടി വേണു ചേട്ടന്‍ പണ്ട് മുതലേ തോട്ടപ്പള്ളി വഴി പോകുമ്പോള്‍ കല്‍പ്പകവാടിയിലെ സ്ഥിരം സന്ദര്‍ശകനാണ്. അടുത്തിടെ വരെ മുറതെറ്റാതെ ആ പതിവ് തു ടര്‍ന്നുപോന്നിരുന്നു. ഇടക്കിടെ എന്നെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. സിനിമക്കപ്പുറത്ത് തികച്ചും വ്യക്തിപരമായ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. ഞങ്ങള്‍ തമ്മില്‍ ദൃഢമായ വ്യക്തിബന്ധമുണ്ടാകാന്‍ ഒരു കാരണം കൂടിയുണ്ട്. വേണുചേട്ടന്റെ രണ്ടാമത്തെ മകന്‍ ഉണ്ണിയെ  തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ സുശീല ചേച്ചി പ്രസവിക്കുമ്പോള്‍ അമിത രക്തസ്രാവത്താല്‍ അടിയന്തിരമായി രക്തം ആവശ്യമായി വന്നു. അന്ന് ഞാനും വേണു നാഗവള്ളി ചേട്ടനും ഇതറിഞ്ഞ് ആശുപത്രിയില്‍ അടിയന്തിരമായി എത്തുകയും എന്റെ രക്തം മാച്ചായതിനാല്‍ ചേച്ചിക്ക് നല്‍കുകയും ചെയ്തു. അതുകൊണ്ട് തന്നെ പിന്നീട് കാണുമ്പോഴൊക്കെ ചെറിയാച്ചന്റെ രക്തമാണ് എന്റെ ഭാര്യയുടെ സിരകളില്‍ ഓടുന്നതെന്ന് പറഞ്ഞ് ചിരിക്കുമായിരുന്നു.
ഞങ്ങളുടെ സിനിമാ ബന്ധം തുടങ്ങുന്നത് 1986 ലാണ് എന്റെ ആദ്യ ചിത്രമായ സര്‍വ്വകലാശാലയില്‍ കവി സിദ്ധന്‍ എന്ന കഥാപാത്രത്തെ വേണുചേട്ടനാണ് അവതരിപ്പിച്ചത്. 'അതിരു കാക്കും മലയൊന്നു തുടുത്തേ... തുടുേേത്ത... തക തക തക താാ എന്ന കവിത അക്കാലത്ത് കാമ്പസുകളില്‍ ചെറുപ്പക്കാര്‍ പാടി നടന്നിരുന്നു. അതിനു ശേഷം ലാല്‍സലാമില്‍ പള്ളിവികാരിയായും നിര്‍ണ്ണയത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ എടുത്തു വളര്‍ത്തുന്ന ഫാദറായും ബനാറസില്‍ സന്യാസിയായും അവസാനം ഞാന്‍ എഴുതിയ തെളിവെന്ന ചിത്രത്തില്‍ ഒരു തെരുവ് നാടകക്കാരനായും അദ്ദേഹം അഭിനയിച്ചു. ഈ ചിത്രത്തില്‍ സ്വന്തമായി തെരുവ് നാടകമെഴുതി സംഗീതം നല്‍കി സിനിമയില്‍ അവതരിപ്പിക്കുകയും ചെയ്തു. തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തെയും വലിപ്പച്ചെറുപ്പം നോക്കാതെ തന്‍മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കുന്ന അസാമാന്യം സിദ്ധിക്ക് ഉടമയായിരുന്നു അദ്ദേഹം. ഈ വേണു ചേട്ടന്‍ കൂടി യാത്രയായതോടെ ഇനി മറ്റൊരു വേണു ചേട്ടന്‍ എന്റെ ജീവിതത്തിലില്ല.

 

 

Latest News