വിഴിഞ്ഞം പദ്ധതി നീളുന്നത് പുലിമുട്ട് വൈകുന്നതിനാല്‍- മന്ത്രി

തിരുവനന്തപുരം-  പുലിമുട്ട് നിര്‍മാണം തീരാത്തതാണ് വിഴിഞ്ഞം  തുറമുഖ നിര്‍മ്മാണം നീളുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിയമസഭയില്‍ പറഞ്ഞു.
പുലിമുട്ട് നിര്‍മാണം വൈകാന്‍ കാരണം പാറ കിട്ടാത്തതാണ്. പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം പദ്ധതി വൈകുന്നതിനെതിരെ നിയമസഭയില്‍ എം.വിന്‍സെന്റ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.  
തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പ് 17 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാലാവധി നീട്ടി ചോദിച്ചു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും അതില്‍ തൃപ്തരാവാതെ അദാനി ആര്‍ബിട്രേഷനില്‍ പോയി. സര്‍ക്കാരും അദാനി ഗ്രൂപ്പും ആര്‍ബിട്രെഷനില്‍ വാദം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ ഉത്തരവാദി സര്‍ക്കാരും അദാനിയുമാണെന്ന്  എം. വിന്‍സെന്റ് പറഞ്ഞു. കാലാവധിയുടെ ഇരട്ടി വര്‍ഷം ആയാലും പദ്ധതി തീരാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും വിന്‍സെന്റ് ചൂണ്ടിക്കാട്ടി.
 പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതില്‍ സര്‍ക്കാര്‍ നോക്കു കുത്തി ആയി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മെഗാപദ്ധതി ആയിട്ടും സര്‍ക്കാര്‍ പദ്ധതിയെ കൃത്യമായി നിരീക്ഷിക്കുന്നില്ല. ഈ രീതിയില്‍ പോയാല്‍ 10 വര്‍ഷം കൊണ്ടും പദ്ധതി തീരില്ലെന്ന അവസ്ഥയാണെന്നും സതീശന്‍ പറഞ്ഞു.

 

 

Latest News