Sorry, you need to enable JavaScript to visit this website.

കുട്ടനാട്ടിൽനിന്ന് അഭിനയ കലയുടെ കൊടുമുടിയിൽ


ആലപ്പുഴ- കുട്ടനാട്ടിൽനിന്നു ലോകത്തിന്റെ പലഭാഗങ്ങളിലേക്കും പറന്നെത്തിയ സ്ഥലനാമങ്ങളാണ് തകഴിയും കാവാലവും നെടുമുടിയുമെല്ലാം. സ്ഥലപ്പേരിനോട് സ്വന്തം പേരും ചേർത്ത് കലാപ്രവർത്തനം തുടങ്ങിയ ചുരുക്കം ചില പ്രതിഭകളാകട്ടെ കുട്ടനാടിന്റെ ആ പച്ചപ്പിൽ മാത്രം ഒതുങ്ങിനിന്നില്ല. എഴുത്തിലൂടെ തകഴിയും നാടകപ്രവർത്തനത്തിലൂടെ കാവാലവും മലയാളിയുള്ളിടത്ത് മാത്രമല്ല അതിനപ്പുറത്തേക്കും കടന്നു ചെന്നപ്പോൾ നെടുമുടി എന്ന കുട്ടനാട്ടിലെ ചെറുഗ്രാമത്തിന്റെ പേര് വെള്ളിത്തിരയിലാണ് മിന്നിത്തിളങ്ങിയത്. അത് കെ. വേണുഗോപാൽ എന്ന തനി നാടൻ കലാകരന്റെ പേരിൽനെടുമുടി വേണു എന്ന പേരിൽ.
നെടുമുടിയിലെ അറിയപ്പെടുന്ന അധ്യാപക ദമ്പതികളായ പി.കെ കേശവൻപിള്ളയുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും അഞ്ച് ആൺമക്കളിൽ അഞ്ചാമത്തെ ആൺതരിയായിട്ടാണ് വേണുവിന്റെ പിറവി. കഥകളി കമ്പക്കാരനായ അച്ഛനിൽനിന്നു കഥകളി ആസ്വാദകരായി മാറിയ മക്കളായിരുന്നു അഞ്ചുപേരും. അക്കാദമിക് തലം എന്നതിനപ്പുറം മക്കളെ കലാകാരന്മാരായി വളർത്തുന്നതിലുള്ള അച്ഛന്റെ താത്പര്യം അനുകൂലമാക്കിയത് അന്നത്തെ വേണുഗോപാൽ എന്ന ഇന്നത്തെ നെടുമുടി വേണുവായിരുന്നു. ചെണ്ടയും മൃദംഗവും ഘടവുമെല്ലാം കുട്ടനാടിന്റെ താളത്തിൽ അന്നേ വേണുവിന്റെ കൈകളിൽ സംഗീതം പൊഴിച്ചിരുന്നു. നെടുമുടിയിലേയും ചമ്പക്കുളത്തേയും വിദ്യാഭ്യാസ ജീവിതത്തിന് ശേഷം ആലപ്പുഴ നഗരത്തിൽ, എസ്.ഡി കോളേജിൽ എത്തിയതോടെയാണ് നെടുമുടിയിലെ കലാകാരൻ പുറത്തേക്ക് വരുന്നത്. 
പ്രസിദ്ധ സംവിധായകൻ ഫാസിലുമായുള്ള കണ്ടുമുട്ടൽ കലയുടെ കൊടുമുടിയിലേക്കുള്ള നെടുമുടിയുടെ കയറ്റത്തിന്റെ ആദ്യ ചുവടുവെപ്പ് തന്നെയായിരുന്നു. എസ്.ഡി കോളേജിൽ പ്രീഡിഗ്രി പഠനകാലത്ത് കലാപരമായ ഇടപെടൽ നടത്തിയില്ലെങ്കിലും മലയാളം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് ഡിഗ്രിക്ക് പഠിക്കാനെത്തിയ ആദ്യനാളുകളിൽ തന്നെ കലാരംഗത്തേക്ക് നെടുമുടി വേണു എത്തി. സീരിയസ്, ഹ്യൂമർ എന്നിങ്ങനെ രണ്ട് തലങ്ങളിൽ കോളേജിൽ അഭിനയമത്സരം നടന്നപ്പോൾ കാലടി ഗോപിയുടെ ഏഴു രാത്രികൾ എന്ന നാടകത്തിലെ പാഷാണം വർക്കിയെ അവതരിപ്പിച്ച നെടുമുടി വേണു ഹ്യൂമർ വേഷത്തിലെ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സീരിയസ് വേഷത്തിലെ ബെസ്റ്റ് ആക്ടറായി ഫാസിലാണെത്തിയത്. അന്ന് ഫാസിലിനെ പരിചയപ്പെട്ടത് ഇരുവരുടേയും കലാജീവിതത്തിലെ മികച്ച തുടക്കമായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് നിരവധി നാടകങ്ങൾ എസ്.ഡി കോളേജിൽ ചെയ്തു. 
യൂത്ത് ഫെസ്റ്റിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. ക്യാമ്പസിന് പുറത്തേക്ക് സ്‌കിറ്റുകളും മിമിക്രിയുമായി ഏറെക്കാലും മുന്നോട്ട് പോയി. യേശുദാസിന്റെ ഗാനമേളകളുടെ ഇടവേളകളിൽ ഇരുവരും ചേർന്ന് സ്‌കിറ്റ് അവതരിപ്പിച്ച് മുന്നേറി. ഫാസിൽ എസ്.ഡി കോളേജിൽ എം.എ മലയാളത്തിന് ചേരുമ്പോൾ  അവിടെ പഠിക്കുന്നില്ലെങ്കിലും ക്യാമ്പസിൽ വട്ടംചുറ്റി നെടുമുടിയും ഉണ്ടായിരുന്നു. വള്ളത്തിലും ബോട്ടിലുമായി കുട്ടനാട്ടിലേക്കുള്ള അന്നത്തെ യാത്ര ചുരുക്കി ഫാസിലിന്റെ വീട്ടിൽ തന്നെയായിരുന്നു നെടുമുടിയുടെ വാസം. കാവാലത്തെ പരിചയപ്പെട്ടതോടെയാണ് നെടുമുടി നാടകകലയുടെ പുതിയ തലങ്ങളിലേക്ക് ചേക്കേറുന്നത്. 
സിനിമയിൽ അരവിന്ദൻ മുതൽ പ്രിയദർശൻ വരെ പല തലമുറകളിലൂടെ, വെള്ളിവെളിച്ചത്തിലെത്തി കടന്നുപോയെങ്കിലും ഗ്രാമീണതയുടെ ചേരുവകൾ അഴിച്ചുവെക്കാത്ത കലാകാരനായിരുന്നു നെടുമുടി വേണു. കുട്ടനാടിന്റെ ചെളിപുരണ്ട ആ പാടവരമ്പത്ത് വള്ളിച്ചെരിപ്പിട്ട് നിൽക്കുന്ന നാട്ടുകാരന്റെ ആർദ്രതയാർന്ന ഭാഷ തന്നെയാണ് വെള്ളിത്തിരയിലും മലയാളി നാലു പതിറ്റാണ്ടിലേറെയായി കാണുന്നത്.

Latest News