Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു

ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ തെരഞ്ഞെടുപ്പിനു ശേഷം

കോട്ടയം- അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ട ഈരാറ്റുപേട്ട നഗരസഭ വീണ്ടും യു.ഡി.എഫ് തിരികെ പിടിച്ചു.  ഇടതുമുന്നണി, എസ്.ഡി.പി.ഐ പിന്തുണയോടെ സ്ഥാനഭ്രഷ്ടയാക്കിയ സുഹ്‌റ അബ്ദുൽ ഖാദർ വീണ്ടും അധ്യക്ഷയായി. എസ്.ഡി.പി.ഐയിലെ നസീറ സുബൈറിനെ ആണ് യു.ഡി.എഫ് സ്ഥാനാർഥി സുഹറ അബ്ദുൽ ഖാദർ തോൽപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ച പോലെ എൽ.ഡി.എഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

രാവിലെ 11 മണിയോടെയാണ് നഗരസഭാ യോഗം തുടങ്ങിയത്. എസ്.ഡി.പി.ഐ പിന്തുണയോടെ ഒരു പദവിയിലും എത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സി.പി.എം തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്ന് അറിയിച്ചതോടെ തന്നെ വിധി നിർണയിച്ചിരുന്നു. യോഗം ചേർന്ന ഉടൻ വരണാധികാരി നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ വായിച്ചുകേൾപ്പിച്ചു. മത്സരിക്കാൻ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നും അറിയിച്ചു. ഇതോടെയാണ് യു.ഡി.എഫ് സുഹറ അബ്ദുൽ ഖാദർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തങ്ങളും മത്സരിക്കുന്നതായി  എസ്.ഡി.പി.ഐ അറിയിച്ചു. നസീറ സുബൈറിനെ  സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നഗരസഭ കടന്നത്. സഭയിൽ ഹാജരായ 13 യു.ഡി.എഫ്് അംഗങ്ങളും  യു.ഡി.എഫ് സ്ഥാനാർഥി സുഹറ അബ്ദുൽ ഖാദറിന് വോട്ട് ചെയ്തു.

കഴിഞ്ഞതവണ എൽ.ഡി.എഫ് അനുകൂലമായി തന്ത്രപരമായ നീക്കം സ്വീകരിച്ച അംഗം അടക്കം യു.ഡി.എഫിൽ തിരിച്ചെത്തി.വോട്ടെടുപ്പിൽ പങ്കെടുത്ത അഞ്ച്്  എസ്.ഡി.പി.ഐ അംഗങ്ങളും പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്തു. സി.പി.എം- എസ്.ഡി.പി.ഐ കൂട്ടുകെട്ട് എന്ന ആരോപണമാണ് ഈരാറ്റുപേട്ട നഗരസഭ ഭരണത്തിനെതിരായ ഇടതുപക്ഷ അവിശ്വാസ പ്രമേയത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞമാസം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ഇടതുപക്ഷത്തെ ഒൻപത് അംഗങ്ങളെ കൂടാതെ എസ്.ഡി.പി.ഐയിലെ അഞ്ച് അംഗങ്ങൾ വോട്ട് ചെയ്തു. ഇതോടെ യു.ഡി.എഫ് ഭരണത്തിൽനിന്ന് പുറത്താകുകയായിരുന്നു. ഒൻപതംഗങ്ങളുള്ള എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എസ്.ഡി.പി.ഐയും കോൺഗ്രസിൽനിന്ന് കൂറുമാറിയ അംഗവും പിന്തുണച്ചതോടെയാണ് യു.ഡി.എഫിലെ സുഹ്റ അബ്ദുൾ ഖാദറിന് അധ്യക്ഷസ്ഥാനം നഷ്ടമായത്.

എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുകെട്ട് എന്നത് കോൺഗ്രസ് ഏറ്റുപിടിച്ചു വിവാദമാക്കിയതോടെ പാർട്ടി നിലപാട് വിശദീകരിച്ചു രംഗത്തു വന്നു. ഒരു സ്ഥാനവും എസ്.ഡി.പി.ഐ സഖ്യത്തിലൂടെ നേടില്ലെന്ന് സി.പി.എം ആവർത്തിച്ചു. ഭരണത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നാണ് ഇക്കാര്യത്തിൽ സി.പി.എം എടുക്കുന്ന നിലപാട്. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ചേർന്ന ഇടതുമുന്നണി യോഗം മത്സരിക്കേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുമായി സി.പി.എം അവിശുദ്ധബന്ധം ഉണ്ടാക്കി എന്ന് കോൺഗ്രസ് ആരോപണം ഇടതുമുന്നണി ക്യാമ്പിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സി.പി.ഐ അടക്കമുള്ള കക്ഷികൾ ഈ നീക്കത്തെ എതിർത്തു. ഈരാറ്റുപേട്ടയിൽ ഭരണം തിരിച്ചുപിടിക്കാനായത് യു.ഡി.എഫിനു ആശ്വാസമായി. നേരത്തെ കോട്ടയം നഗരസഭയിലും ബി.ജെ.പി വോട്ട് ചെയ്തതോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ഇനി കോട്ടയം നഗരസഭ തിരിച്ചുപിടിക്കാനുളള നീക്കത്തിലാണ് കോൺഗ്രസ്. പക്ഷേ അത് ഇതുപോലെ എളുപ്പമാകില്ലെന്നാണ് സൂചന.


 

Latest News