കൊച്ചി- കഞ്ചാവിന്റെ ലഹരിൽ പെരുവഴിയിൽ അഴിഞ്ഞാടിയ യുവാക്കളുടെ സംഘം മണിക്കൂറുളോളം ഭീകരാന്തരിക്ഷം സൃഷ്ടിച്ചു. ഖത്തറിലക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശികളെ കാറിൽ നിന്ന് വലിച്ച് പുറത്തിട്ട് സംഘം ആക്രമിച്ചു. അക്രമികളുടെ കല്ലേറിൽ പന്ത്രണ്ടു വയസുകാരന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമി സംഘത്തിൽ പെട്ട ചിറ്റാറ്റുകര സ്വദേശികളായ പള്ളത്ത് അരുൺ മകൻ അർജുൻ (19), മലയിൽ രാജേന്ദ്രൻ മകൻ ആരോമൽ (19), ആനാട് ദിലീപ് മകൾ വിധുകൃഷ്ണൻ (20),മുറവൻതുരുത്ത് കുളവേലിപാടത്ത് വേണു മകൻ നിഖിൽ (20) എന്നിവരെയും ഒരു പതിനാറുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകീട്ട് ദേശീയ പാത 66-ൽ മുനമ്പം കവലയിലാണ് സംഭവം. കൊടുങ്ങല്ലൂർ എടവിലങ്ങ് വെളിപ്പറമ്പ് ബഷീർ മകൻ ഇസഹാക്കിനെ ഖത്തറിലേക്ക് യാത്രയയക്കാനാണ് മാതാപിതാക്കളും ബന്ധുക്കളുമടങ്ങിയ സംഘം ഇന്നോവ കാറിൽ യാത്ര ചെയ്തത്. അഞ്ച് മണിയോടെ യുവാക്കളുടെ കാറിനെ മറികടന്നതിനെ തുടർന്ന് പ്രതികൾ കാർ മുനമ്പം കവലയിൽ തടഞ്ഞിട്ടു. കാറിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ മർദിക്കുകയും, കാറിന്റെ ചില്ല് കമ്പിവടിക്ക് അടിച്ചും കല്ലെറിഞ്ഞും തകർക്കുകയുമായിരുന്നു.ഇവർ എറിഞ്ഞ കല്ല് നെറ്റിയിൽ പതിച്ച് ബഷീറിന്റെ ബന്ധുവായ പറവൂർ മാളികംപീടിക സ്വദേശി സഫറുദ്ദീന്റെ മകൻ മുഹമ്മദ് സഹൽ എന്ന പന്ത്രണ്ടുകാരന് ഗുരുതര പരിക്കേറ്റു. സഫറുദ്ദീനാണ് വാഹനം ഓടിച്ചിരുന്നത്. കുട്ടിയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കൈയിൽ കിട്ടിയ സാധനങ്ങൾ ഉപയോഗിച്ച് കൊടുങ്ങല്ലൂർ സ്വദേശികളെ യുവാക്കൾ റോഡിലിട്ട് മർദിച്ചു. ബഷീറിന്റെ ഭാര്യയെ റോഡിൽ വലിച്ചിഴച്ചു. ബഷീറിന് മർദനത്തിൽ പരിക്കേറ്റു. പോലീസ് എത്താൻ താമസിച്ചതോടെ അക്രമണം ഒരു മണിക്കൂർ നീളുകയും ദേശീയ പാതയിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വടക്കേക്കര പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തേ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. ഖത്തറിൽ പോകേണ്ട ഇസ്ഹാക്കിനെ വേറൊരു കാറിൽ എയർപോർട്ടിലെത്തിച്ചതിനാൽ നിശ്ചയിച്ച ഫ്ളൈറ്റിൽ തന്നെ യാത്ര ചെയ്യാനായി. ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി കിട്ടിയ ഇസ്ഹാക്കിന്റെ കന്നിയാത്രയായിരുന്നു.
പരിക്കേറ്റ മറ്റുള്ളവരെ പറവൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.