Sorry, you need to enable JavaScript to visit this website.

വടയമ്പാടിയിൽ ആർ.എസ്.എസ് വിളയാട്ടം; കണ്ണടച്ച്  പോലീസ് 

  • മാധ്യമ പ്രവർത്തകർക്ക് മർദമനേറ്റു

കൊച്ചി- വടയമ്പാടി ഭജനമഠം ദേവീ ക്ഷേത്ര ഭരണ സമിതി ഒരേക്കറോളം വരുന്ന മൈതാനം കൈയേറി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യണമാന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തിയ ആത്മാഭിമാന കൺവെൻഷൻ ആർ.എസ്.എസ് സൃഷ്ടിച്ച പ്രകോപനത്തെ തുടർന്ന് സംഘർഷ ഭരിതമായി. ആത്മാഭിമാന കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 300 ഓളം പ്രവർത്തകരാണ് ചൂണ്ടിയിൽ എത്തിയത്. 
എന്നാൽ പുറത്തുനിന്നുള്ളവരെ വടയമ്പാടിയിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന പരസ്യ പ്രഖ്യാപനവുമായി സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതോടെയാണ് വൻ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. തിരിച്ചും മുദ്രാവാക്യം മുഴക്കി ദളിത് പ്രവർത്തകരും പ്രകോപനം സൃഷ്ടിച്ചതോടെ പോലീസ് ഇടപെട്ട് ദളിത് പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്തു നീക്കി.  പരസ്യമായി പോലീസിനെ വെല്ലുവിളിച്ചിട്ടും നിയമ ലംഘനം നടത്തിയിട്ടും സംഘ്പരിവാർ പ്രവർത്തകർക്കെതിരെ ബലപ്രയോഗത്തിനു പോലീസ് മുതിർന്നില്ല. പകരം അവരോട് സഹകരിക്കാൻ അപേക്ഷിക്കുകയായിരുന്നു സി.ഐ സാജൻ സേവ്യറും ഡിവൈ.എസ്.പി ബിജുമോനും അടക്കമുള്ളവർ. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കി. 
സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കം നൂറോളം പ്രവർത്തകരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത പോലീസ് ഇവരെ പുത്തൻകുരിശ്, രാമമംഗലം, മുളന്തുരുത്തി എന്നീ സ്‌റ്റേഷനുകളിലേക്ക് മാറ്റി. 
ഇതിനിടക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരേയും ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചു. മീഡിയ വൺ ചാനലിലെ ശ്രീജിത്ത്, സൗത്ത് ലൈവിലെ അലക്‌സ്, ഇന്ത്യൻ എക്‌സ്പ്രസിലെ ജീവൻ, തേജസ് ഫോട്ടോഗ്രഫർ ഷിയാമി തൊടുപുഴ എന്നിവർക്കെതിരെയാണ് കൈയേറ്റ ശ്രമമുണ്ടായത്.
പോലീസ് നോക്കിനിൽക്കേയാണ് ആർ.എസ്.എസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. സിഐ സാജൻ സേവ്യർ ഭയപ്പെട്ടിട്ടെന്ന പോലെ കൈകൂപ്പി അപേക്ഷിക്കുന്നതും കാണാമായിരുന്നു.  മാധ്യമ പ്രവർത്തകരോടു ഐഡി കാർഡുകൾ ആവശ്യപ്പെട്ടു. ഇതിനെതിരെ മാധ്യമ പ്രവർത്തകർ പ്രതിഷേധം ഉയർത്തി. ഇതിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകരായ ജംഷീന, നിമിഷ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കരുതൽ തടങ്കലിലെടുത്തവരെ പിന്നീട് ഉച്ചക്ക് ഒന്നരയോടെ വിട്ടയച്ചു.
ആർ.എസ്.എസിന്റെയും പോലീസിന്റെയും വെല്ലുവിളി മറികടന്ന് ദളിത് പ്രവർത്തകർ വടയമ്പാടിയിലെ ചൂണ്ടിയിൽ ദളിത് ആത്മാഭിമാന കൺവെൻഷൻ ചേർന്നു. കലക്ടറുടെ ഉത്തരവിനെ തുടർന്ന് ഭജനമഠം ക്ഷേത്ര പരിസരത്തെ മൈതാനത്ത് ദളിത് ആത്മാഭിമാന കൺവെൻഷനുള്ള അനുമതി പോലീസ് നിഷേധിച്ചതിനെ തുടർന്നാണ് 300 മീറ്റർ മാറി ചൂണ്ടിയിൽ കൺവെൻഷൻ നടത്താൻ ദളിത് പ്രവർത്തകർ തീരുമാനിച്ചത്. സംസ്ഥാനത്തെ ദളിത് ഭൂവിഷയങ്ങളുയർത്തി സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റാനും ദളിത് ആത്മാഭിമാന കൺവെൻഷനിൽ പ്രഖ്യാപനമുണ്ടായി. 


 

Latest News