Sorry, you need to enable JavaScript to visit this website.

കോൺഗ്രസുമായി സഖ്യം; പാർട്ടി കോൺഗ്രസിൽ തീരുമാനിക്കുമെന്ന് സി.പി.എം

ന്യൂദൽഹി- കോൺഗ്രസുമായി സഖ്യം ചേരുന്ന വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിൽ എടുക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കാനാണ് പ്രവർത്തിക്കുകയെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. അതാതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബിജെപി വിരുദ്ധ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. കോൺഗ്രസുമായി ഏതെങ്കിലും സംസ്ഥാനത്ത് സിപിഎമ്മിന് തൊട്ടുകൂടായ്മ ഉണ്ടോ എന്ന ചോദ്യത്തിന് തമിഴ്‌നാട്, അസം തെരഞ്ഞെടുപ്പുകൾ കണ്ടതല്ലേ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. 
    കഴിഞ്ഞ ദിവസങ്ങളിൽ ദൽഹിയിൽ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കോൺഗ്രസുമായി പാർട്ടി സഖ്യം ചേരുന്ന വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാന ഘടകങ്ങൾ കോൺഗ്രസ് സാമൂദായിക പ്രീണന നയമാണ് വെച്ചു പുലർത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി എതിർപ്പുന്നയിച്ചു. എന്നാൽ, മറുവശം ചൂണ്ടിക്കാട്ടിയവർ കോൺഗ്രസ് തന്നെയാണ് ദേശീയ തലത്തിൽ ഇപ്പോഴും പ്രമുഖ കക്ഷി എന്നാണു ചൂണ്ടിക്കാട്ടിയത്.
 

Latest News