ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയത്തിന് തങ്കഭസ്മം നൽകി കാഴ്ച മങ്ങി; ജ്യോത്സ്യനെതിരെ കേസ്

കണ്ണൂർ - ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ സഹായിക്കുമെന്ന് വിശ്വസിപ്പിച്ച് തങ്കഭസ്മം നൽകി കുട്ടിയുടെ കാഴ്ചക്ക് തകരാറുണ്ടാക്കുകയും ഗരുഢ രത്‌നത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടുകയും ചെയ്ത സംഭവത്തിൽ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കണ്ണവം പോലീസ് കേസെടുത്തു. ചിറ്റാരിപ്പറമ്പിൽ താമസിക്കുന്ന കൊറ്റാളി സ്വദേശി മൊബിൻ ചന്ദിന്റെ പരാതിയിലാണ് നടപടി.
ഈ ആവശ്യമുന്നയിച്ച് മൊബിൻ, കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ കണ്ണവം പോലീസിന് നിർദ്ദേശം നൽകിയത്.
പുതുതായി നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കുന്നതിന് മുഹൂർത്തം നോക്കുന്നതിനായാണ് മൊബിൻ, ജ്യോത്സ്യനെ സമീപിച്ചത്. സമയം കുറിച്ചു കൊടുത്ത ജ്യോത്സ്യൻ, മൊബിനുമായി സൗഹൃദം സ്ഥാപിക്കുകയും ചിറ്റാരിപ്പറമ്പിലെ വീട്ടിൽ പലതവണ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. അത്ഭുത സിദ്ധിയുള്ള ജ്യോത്സ്യനാണെന്നാണ് അവരെ വിശ്വസിപ്പിച്ചിരുന്നത്. ഒരു തവണ സന്ദർശനം നടത്തിയ സമയത്ത്, വാഹനാപകടത്തിൽ മൊബിൻ മരണപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതിന് പരിഹാരം ചെയ്യണമെന്നും ഭാര്യയേയും ബന്ധുക്കളേയും ഭയപ്പെടുത്തി വിശ്വസിപ്പിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് ആദിവാസികളിൽ നിന്നും ലഭിക്കുന്ന, ഗരുഢൻ തലയിൽ ഉള്ള ഗരുഢ രത്‌നം കൊണ്ടുവന്നു വീട്ടിൽ സൂക്ഷിക്കണമെന്നാണ് നിർദ്ദേശിച്ചത്. 10 ഗരുഢ രത്‌നം വെക്കണം എന്നും നിർദ്ദേശിച്ചു. മകന് ഐ.എ.എസ് ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനായി തങ്കഭസ്മം പാലിൽ കലക്കി നൽകണമെന്നും, വീട്ടിലെ സമ്പത്തും ഐശ്വര്യവും കുറയാതിരിക്കാനും ശത്രുദോഷങ്ങൾ ഏൽക്കാതിരിക്കാനുമായി വിദേശ ലക്ഷ്മിയന്ത്രം സൂക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
പത്ത് ഗരുഢ രത്‌നത്തിന് പത്തുലക്ഷം രൂപയും, തങ്കഭസ്മത്തിന് ഒന്നേകാൽ ലക്ഷം രൂപയും, വിദേശലക്ഷ്മിയന്ത്രത്തിന് ഒന്നേകാൽ ലക്ഷം രൂപയും ചെലവു വരുമെന്നും അറിയിച്ചു. ഇതനുസരിച്ച് 11,75,000 രൂപ കണ്ണവം ടൗണിലുള്ള തന്റെ ഓഫീസിലെത്തിക്കാനും നിർദ്ദേശിച്ചു. ഇതനുസരിച്ച് പറഞ്ഞദിവസം പണവുമായി മൊബിൻ കണ്ണവം ടൗണിലെത്തി. അവിടെ ജ്യോത്സ്യന്റെ ഓഫീസ് ഉണ്ടായിരുന്നില്ല. കാറിൽ വെച്ചാണ് പണം കൈമാറിയത്. ഇതനുസരിച്ച് തങ്കഭസ്മം നൽകി. തങ്കഭസ്മം കഴിച്ച് മകന്റെ കാഴ്ച മങ്ങിയതോടെ ഭയപ്പാടിലായ മോബിൻ, ജ്യോത്സ്യനെ വിളിച്ചു വെങ്കിലും പല ഒഴിവു കഴിവുകളും പറയുകയായിരുന്നു. പിന്നീട് ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയതോടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഈ സംഭവത്തിൽ കണ്ണൂർ റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.

Latest News