Sorry, you need to enable JavaScript to visit this website.

സംവരണ വിരുദ്ധരുടെ അട്ടിമറി വീണ്ടും തോറ്റുപോയ കാലം

സംവരണത്തിന്റെ പടവുകൾ കയറി മുകളിലെത്തിയവരിൽ നിന്നും വരും തലമുറ ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്.  കയറി വന്ന പടവുകൾ മറന്നവരാകരുത് എന്നതാകണം അവർ പഠിക്കേണ്ട  വലിയ പാഠം. 

പിന്നോക്ക സമൂഹത്തിന് ലഭിക്കുന്ന സംവരണം  അട്ടിമറിക്കാൻ തക്കം പാർത്ത് കാത്തിരിക്കുന്നവരാണ് എല്ലാ സ്ഥലത്തുമെന്നത് അത്യന്തം ഗൗരവമേറിയ വിഷയമാണ്.  ഏറ്റവും ഒടുവിൽ കെ.എ. എ സിൽ സംഭവിക്കുമായിരുന്ന അട്ടിമറി സാധ്യതയും  ജാഗ്രത കാരണം  പിടിക്കപ്പെടുകയായിരുന്നു.   സംവരണത്തിനായി നില കൊള്ളുന്ന പിന്നോക്ക വിഭാഗങ്ങളുടെ നിരന്തരമായ പോരാട്ടവും, പിന്നോക്ക സംവരണ പക്ഷം നിൽക്കുന്ന മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയുമാണ്  കേരളത്തിന്റെ ഭരണ ചെങ്കോൽ കൈയാളാൻ നിയോഗിതരാകുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസിന്റെ മൂന്ന് ധാരകളിലും സംവരണ വ്യവസ്ഥ കർശനമായി പാലിക്കപ്പെടാൻ കാരണമായത്. നവംബറിൽ ഐ.എ.എസിന് തുല്യമായ കെ.എ.എസുകാർ നിയമിക്കപ്പെടുമ്പോൾ സംവരണ സമുഹങ്ങൾക്കെല്ലാം അവരുടെ അർതപ്പെട്ട  പങ്ക് ലഭിക്കും. 
എട്ട് കൊല്ലം ഇവർ ജോലി ചെയ്താൽ കേരള കേഡർ ഐ.എ.എസിലേക്കവർ മാറും. കേരള കേഡറിൽ ഇപ്പോൾ 70 ഐ.എ.എസ് ഒഴിവുകളുണ്ട്.  കേരളത്തിലെ മുഖ്യഭരണ കക്ഷിയായ സി. പി. എം എല്ലാ കാലത്തും സംവരണ വിരുദ്ധ പക്ഷത്തായിരുന്നു. 1952 ൽ ഇ.എം.എസിന്റെ ഒന്നാം ഭരണ പരിഷ്‌ക്കാര കമ്മീഷൻ മുതൽ കേരളം അത് നേരിൽ കണ്ടതാണ്. അവർ അടിസ്ഥാന പരമായി സാമ്പത്തിക സംവരണ വാദികളായിരുന്നു.അതിപ്പോഴും തുടരുന്നു. 
പാർട്ടി തന്നെ കുറ്റിയറ്റു പോയാലും ആ നിലപാടിൽ മാറ്റം വരുത്താൻ പാർട്ടി എന്ന നിലക്ക് അവർക്ക് സാധിക്കില്ല.  വോട്ടു ബാങ്ക് ഭയത്താൽ ആ നയം പരസ്യമായി നടപ്പാക്കാൻ അവർക്ക് കഴിയുന്നില്ല എന്ന് മാത്രം. ഭരണ മുന്നണിയിൽ ആശയ പരമായി കടുത്ത സംവരണ വിരുദ്ധത പിന്തുടരാത്ത പാർട്ടി സി.പി.ഐയാണെന്ന് പറയാം. 
അടുത്ത കാലത്തായി അവരും ഇത്തരം വിഷയങ്ങളിൽ മുന്നേ ഗമിക്കുന്ന ഗോവിന് പിന്നാലെ തന്നെയാണ്. അതിനപ്പുറമൊരു ശക്തി അവർക്ക് ഇന്നില്ല.   
പിന്നോക്ക സംവരണം പറയുന്നവർ എന്തോ കുറഞ്ഞ കൂട്ടർ  എന്നൊരു പൊതുബോധം  വ്യാപകമായി സൃഷ്ടിച്ചുവെച്ചിട്ടുമുണ്ട്.   കേന്ദ്രത്തിലെ അനുകൂലാവസ്ഥയും ഇവർ വളമാക്കുന്നു എന്ന ക്രൂരതയും കൂട്ടത്തിലുണ്ട്.   ഇത്തരം കാര്യങ്ങളിൽ സംവരണ പക്ഷം ശബ്ദിച്ച സോഷ്യലിസ്റ്റുകളും ഇന്ന് കേരള നിയമസഭയിലുൾപ്പെടെ നിശബ്ദരാണ്. ഇങ്ങിനെയെല്ലാമുള്ള പ്രതികൂല സാഹചര്യത്തിലാണ് നിരന്തരമായ പോരാട്ടങ്ങളിലൂടെ കെ.എ.എസ് നിയമനത്തിൽ സംവരണ പക്ഷം  നിൽക്കുന്നവർ അവകാശം നേടിയെടുത്തത്. 
കെ.എ.എസിൽ സംവരണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു പറഞ്ഞിരുന്നതാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമായിരുന്നു ഇതിനദ്ദേഹം ആയുധമാക്കിയത്.  കെ.എ.എസിൽ സംവരണം അട്ടിമറിക്കപ്പെടരുതെന്ന നിയമ സെക്രട്ടറി ബി. ജി. ഹരീന്ദ്രനാഥിന്റെ  റിപ്പോർട്ട് മുഖ്യമന്ത്രിയും സർക്കാരും അവഗണിച്ചു.  
സംവരണ മില്ലാതെ കെ.എ.എസ് നിയമനം യാഥാർഥ്യമാകുമെന്നായപ്പോൾ സംവരണ അനുകൂല സംഘടനകളും വിഭാഗങ്ങളും ശക്തമായി രംഗത്തിറങ്ങി.പ്രമുഖ നിയമജ്ഞനായ ബി.ജി ഹരീന്ദ്ര നാഥിന്റെ നിയമ സെക്രട്ടറി എന്ന നിലക്കുള്ള കണ്ടെത്തലുകൾ സംവരണ വിരുദ്ധരുടെ മാർഗെ മഹാമേരുവായി നില നിന്നു.  പരിമിത വിഭവം മാത്രമുള്ള സംവരണ അനുകൂല മാധ്യമങ്ങളും അവരുടെ പങ്ക് നിർവ്വഹിച്ചു.  സന്ദർഭം ആവശ്യപ്പെടുമ്പോൾ ഒന്നിച്ചു നിന്നാൽ ജയിക്കാനാകുമെന്ന ആവേശകരമായ പാഠമാണ്  ഈ വിജയവും മുന്നോട്ട് വെക്കുന്നത്. ഓർക്കുക  സംവരണമെന്നാൽ ശമ്പളത്തിന്റെയും ആനുകൂല്യത്തിന്റെയും പ്രശ്‌നമല്ല. അത് അധികാര പങ്കാളിത്തത്തിന്റെ വിഷയമാണ്. 
ഐ.എ.എസ് കാർക്ക് സമാനമായി വിവിധ വകുപ്പുകളുടെ തലപ്പത്തേക്കാണ്  കെ.എ.എസുകാർ  നിയമിതരാകാൻ പോകുന്നത്.  നിയമിക്കപ്പെടുന്നവരെല്ലാം 40 ന് താഴെ പ്രായമുള്ളവരാണ്- നീണ്ട വർഷങ്ങൾ സർവീസുള്ളവർ. ഒരു പാട് കാലം ഭരണത്തിന്റെ ഉന്നതങ്ങളിരിക്കേണ്ടവർ.  
അൽപം സംവരണ കണക്ക് പറയാം - കെ.എ.എസ് സ്ട്രീം രണ്ട്  മെയിൻ  ലിസ്റ്റിൽ ഉൾപ്പെട്ട 70 പേരിൽ 36 നടുത്ത് സംവരണ  വിഭാഗക്കാർ ഉൾപ്പെടുകയാണ്. ആരോരും അറിയാതെ  സംവരണ വിഭാഗങ്ങൾക്ക് നഷ്ടപ്പെടുമായിരുന്ന ഉദ്യേഗം  തിരിച്ചു കിട്ടാൻ കാണിച്ച ജാഗ്രത ബന്ധപ്പെട്ട സമൂഹങ്ങൾ ഇനിയും തുടരണമെന്ന പാഠവുമാണ് പുതിയ പോരാട്ട വിജയം നൽകുന്നത്. സംവരണത്തിന്റെ പടവുകൾ കയറി മുകളിലെത്തിയവരിൽ നിന്നും വരും തലമുറ ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്.  കയറി വന്ന പടവുകൾ മറന്നവരാകരുത് എന്നതാകണം അവർ പഠിക്കേണ്ട  വലിയ പാഠം.

Latest News