Sorry, you need to enable JavaScript to visit this website.

വീണ്ടും ചില ഭ്രാന്തചിന്തകൾ

മനോരോഗം മിഥ്യയാണെന്നു  കേൾക്കുമ്പോൾ ഒരു കാൽപനിക സൗന്ദര്യമൊക്കെ അനുഭവപ്പെടും. പക്ഷേ ഭ്രാന്തനെ ശുശ്രൂഷിച്ചിട്ടുള്ളവർക്കും ഭ്രാന്ത് പിടി പെട്ടിട്ടുള്ളവർക്കും അറിയാം സ്ഥലകാലജ്ഞാനം തകരാറിലാവുമ്പോഴത്തെ വെപ്രാളം.

ഞായറാഴ്ച, ഒക്ടോബർ 10, മാനസികാരോഗ്യദിനമായിരുന്നു. എന്തുകൊണ്ട് ഒക്ടോബർ 10 എന്നറിയില്ല. അന്നേ ദിവസം 1992 ൽ ആയിരുന്നു ആദ്യത്തെ ദിനാചരണം. പിന്നെ അതൊരു വാർഷിക പരിപാടിയായി.അങ്ങനെ  ഓരോ കാര്യത്തിനും ഓരോ ദിവസം നിശ്്ചയിക്കുന്ന പതിവിൻ പടി ലോകമാനസികാരോഗ്യദിനവും നിലവിൽ വന്നു.  
മാനസികാരോഗ്യം കുറഞ്ഞവർ, ഭ്രാന്തരെന്നോ മനോരോഗിയെന്നോ തെളിച്ചു പറയാത്തവർ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഉടനീളം കടന്നു വരുന്നു. മനസ്സിന്റെ മാറുന്ന നിലയെ വിശേഷിപ്പിക്കാൻ ഓരോരോ ഘട്ടത്തിൽ ഓരോരോ സമുദായം ഓരോരോ പദം എറിഞ്ഞുപിടിപ്പിക്കുന്നു. വട്ട് എന്നും പ്രാന്ത് എന്നും കിറുക്ക് എന്നും ചിത്തഭ്രമത്തിനു പേരിടുമ്പോൾ അതാതു കാലത്തെ ഭാവവും പ്രവൃത്തിയും ആകാം സൂചന. 
സ്ഥലവും കാലവും തമ്മിലുള്ള ബന്ധം തിരിച്ചറിയാതാവലാണ് ഭ്രാന്തിന്റെ പരമകാഷ്ഠ എന്നു ഞാൻ വിചാരിക്കുന്നു. ആയിരം മനുഷ്യഭാവങ്ങൾ ആവിഷ്‌കരിക്കുന്ന മഹാഭാരതത്തിൽ യുദ്ധത്തിന്റെ പരിണാമമോ സമാധാനത്തിന്റെ സ്വരൂപമോ നിയന്ത്രിക്കുന്ന ഒരു പൂർണകഥാപാത്രം ഉണ്ടെന്നു തോന്നുന്നില്ല. യുദ്ധം തന്നെ രോഗത്തിന്റെ സൃഷ്ടിയോ കാരണമോ ആണെന്നു വ്യാഖ്യാനിക്കാവുന്നതേയുള്ളു.  
അപമാനിക്കപ്പെട്ട അഹങ്കാരമായിരുന്നു ദുര്യോധനൻ. നെഞ്ചു വിരിച്ച്, തല ഉയർത്തി വിരുന്നിനെത്തുന്ന ദുര്യോധനനെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു ദ്രൗപദി. താൻ എവിടെയാണെന്നോ ആരാണെന്നോ എന്തിനെത്തിയിരിക്കുന്നുവെന്നോ ഓർക്കാതെയായിരുന്നു ധാർത്തരാഷ്ട്രന്റെ നീക്കം. വെള്ളമില്ലാത്തിടത്ത് പ്രളയം കണ്ട് വിരണ്ടോടുന്നതാണ് ഭ്രാന്ത്. സ്ഥലജലഭ്രമം ബാധിച്ച ദുര്യോധനന്റെ മാനസികനിലയെ വേറെ എന്തു പേരിട്ടു വിളിക്കും?
ദുര്യോധനൻ ആത്മവിശ്ലേഷണം നടത്തുന്ന ഒരു ഭാഗം പുരാണത്തിൽ വായിക്കാം. യുദ്ധത്തിലേക്കു നീങ്ങുന്ന ഘട്ടത്തിൽ ഒരിക്കൽ അദ്ദേഹത്തിന്റെ ചിന്ത ഇങ്ങനെ പോകുന്നു: 'ധർമ്മം എന്തെന്ന് എനിക്കറിയാം. ചെയ്യാൻ പറ്റുന്നില്ല.  അധർമ്മം എന്തെന്ന് എനിക്കറിയാം.  ചെയ്തു പോകുന്നു.' യുക്തിയും അർഥബോധവും വികലമായ മനസ്സ് രോഗാകീർണം തന്നെ.  
യവനഭാവനയിൽ തെളിഞ്ഞ ഭ്രാന്തപാത്രങ്ങൾ എത്രയോ കാണും.  നമ്മുടെ നാറാണത്ത് ഭ്രാന്തനോടു സമാന്തരത്വം പുലർത്തുന്ന ആളാണ് സിസിഫസ്.  കുന്നിൻ മുകളിലേക്ക് കല്ലുരുട്ടിക്കേറ്റി താഴോട്ടിട്ട് പൊട്ടിച്ചിരിക്കുന്നത് ജീവിതത്തിന്റെ നിഷ്ഫലത വിളംബരം  ചെയ്യുന്ന ദർശനമോ അതോ ലക്കും ലഗാനുമില്ലാതെ പെരുമാറുന്ന ഭ്രാന്തോ? ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിനുത്തരം കിട്ടാതെ ഉഴലുന്ന ഹാംലെറ്റ് മനോരോഗിയായിരുന്നോ മനോരോഗം അഭിനയിക്കുകയായിരുന്നോ അതോ പൂർണമായും ആരോഗ്യവാനായിരുന്നോ? ആ മൂന്നു സാധ്യതകളും ആരാഞ്ഞുകൊണ്ടുള്ള വർത്തമാനം ഇനിയും സാഹിത്യവേദികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അതിനിടെ വിട്ടുകളയാൻ വയ്യാത്ത പാത്രമാണ് ചതിയും അസൂയയും കൊലയും രസാവഹമാക്കിയ ഇയാഗോ.  കുറ്റവാളിയായ ഇയാഗോ, വേറൊരു വിധത്തിൽ നോക്കിയാൽ, ഭ്രാന്തമായ മനസ്സിനുടമയായിരുന്നു. തിന്മയുടെ ശരീരശാസ്ത്രം എഴുതിയ കൊളംബിയയിലെ മനോരോഗ  പ്രൊഫസർ മൈക്കേൽ സ്റ്റോൺ ഇയാഗോവിനെ തൻറെ പഠനപരിധിയിൽ ഉൾപ്പെടുത്തിയില്ലെന്നേയുള്ളു. തിന്മയുടെ കുതന്ത്രങ്ങൾ എന്ന് ഇയാഗോയെപ്പറ്റിയുള്ള തന്റെ പുസ്തകത്തിന് ഇംഗ്ലിഷ് പ്രൊഫസർ ഹരൾഡ് ബ്ലൂം ഉപശീർഷകം നൽകുകയും ചെയ്തു.
എത്രയൊക്കെയായാലും മനോരോഗി പൂർണമായും നയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന കഥാഗതിയുള്ളതോ മനോരോഗികൾ മാത്രം കഥാപാത്രങ്ങളായതോ ആയ  ഉപന്യാസം ഉണ്ടെന്നു തോന്നുന്നില്ല.  ബോധാബോധസീമകളിൽ അന്വേഷണം നടത്തിയിരുന്ന ലൂയി പിരാന്തലോവിന്റെ നാടകങ്ങൾ മാറ്റി നിർത്തണം. എഴുത്തുകാരനെ തേടി ആറു കഥാപാത്രങ്ങൾ എന്ന നാടകം പ്രസിദ്ധനാക്കിയ പിരാൻലൊ സൃഷ്ടിച്ച ഭ്രാന്തപാത്രങ്ങൾ അനുവാചകനെ അമ്പരപ്പിക്കുന്നു.
ശരിയേത്? തെറ്റേത്? എന്ന ചോദ്യമുന്നയിക്കുന്ന ഒരു നാടകത്തിൽ രംഗത്തെത്തുന്ന കഥാപാത്രമോരോന്നും, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ, ഭ്രാന്തന്മാരും ഭ്രാന്തികളും ആണ്. ഓരോ കഥാപാത്രവും പ്രവേശിച്ച് കാണിയെ കയ്യിലെടുക്കുന്നു. അയാളുടെ ഭാഷണം മുഴുവൻ ഭോഷ്‌ക് ആയിരുന്നെന്ന് വഴിയേ വരുന്ന കഥാപാത്രം വാദിക്കുന്നു. അങ്ങനെ കഥാപാത്രങ്ങളെല്ലാം അവിശ്വാസ്യതയുടെ ഒരു വലയം രചിക്കുന്നു, കാണിയെ പരിഭ്രാന്തനാക്കുന്നു. ശരിയോ തെറ്റോ എന്ന ചോദ്യത്തിനുത്തരം കാണാതെ ക്ഷിണിക്കുന്നു. എല്ലാവരും ഭ്രാന്തരോ, ചിലർ മാത്രം ഭ്രാന്തരോ? ആർ ഭ്രാന്തൻ? ആർ സ്ഥിരബുദ്ധി? നിങ്ങൾ വിചാരിക്കുന്നത് ശരി, Right You Are If You Think So, എന്നു പറഞ്ഞുകൊണ്ട് നാടകകൃത്ത് നിഷ്‌ക്രമിക്കുന്നു.
ലൂയി പിരാന്തെലോവിന്റെ   ചിന്തകളോട് ചേർത്തു വായിക്കാവുന്നതാണ് മനോരോഗം എന്നൊന്നില്ലെന്ന വാദം. മനസ്സിന്റെ താളങ്ങളും താളപ്പിഴകളും മരുന്നു കൊടുത്തും മന്ത്രം ജപിച്ചും മാറ്റേണ്ടതാണെന്ന് വിശ്വസിക്കുന്നവരെ വെല്ലുവിളിക്കുകയാണ് തോമസ് സാസ്, ആർ ഡി ലെയിംഗ് മുതലായ മനോരോഗവിദഗ്ധർ.  ഏറെ ചർച്ച ചെയ്യപ്പെട്ട തൻറെ പുസ്തകത്തിന് സാസ് കൊടുത്ത പേരായിരുന്നു, മനോരോഗം എന്ന മിഥ്യ, Right You Are If You Think So, ജാനെറ്റ് ഫ്രെയിം എന്ന ആസ്‌ട്രേലിയൻ നോവലിസ്റ്റ് കഠിനമായ മനോരോഗം അനുഭവിച്ചിരുന്നു. തലച്ചോറിലെ അമിഗ് ഡല എന്ന അവയവം മുറിച്ചു മാറ്റിയാൽ ഏറെക്കുറെ സമാധാനം കിട്ടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയയുടെ തലേന്നാൾ സർജൻ ജാനെറ്റിനോടു പറഞ്ഞു: 'ഞാൻ ശസ്ത്രക്രിയ ചെയ്യുന്നില്ല. അതു ചെയ്താൽ നിങ്ങളുടെ സർഗശേഷി മുഴുവൻ ചോർന്നു പോകും.' സർഗശേഷി വേണോ, സമാധാനം വേണോ എന്ന ചോദ്യം ഇനിയും മനസ്സിൽ അരിച്ചുകേറുന്നു. 
മനോരോഗം മിഥ്യയാണെന്നു  കേൾക്കുമ്പോൾ ഒരു കാൽപനിക സൗന്ദര്യമൊക്കെ അനുഭവപ്പെടും. പക്ഷേ ഭ്രാന്തനെ ശുശ്രൂഷിച്ചിട്ടുള്ളവർക്കും ഭ്രാന്ത് പിടി പെട്ടിട്ടുള്ളവർക്കും അറിയാം സ്ഥലകാലജ്ഞാനം തകരാറിലാവുമ്പോഴത്തെ വെപ്രാളം. തന്നെ മനസ്സിലാകാത്ത ലോകത്തെ നോക്കി, 'എനിക്ക് ഭ്രാന്താണ്, എന്നെ ചങ്ങലക്കിടൂ' എന്ന് ആക്രോശിക്കുന്ന വേലായുധൻ അപൂർവമായേ നമ്മെ അലോസരപ്പെടുത്താറുള്ളു.  
ഞാൻ കണ്ടും കേട്ടും ഓർമ്മിച്ചെടുക്കുന്ന ഭ്രാന്തകഥാപാത്രങ്ങൾ ഏറെ.  ചിലർക്ക് ചികിത്സ എത്തിക്കാനും ഇടയായി. ആദ്യം കണ്ടത് ഇച്ചുകുട്ടിയമ്മയെ ആയിരുന്നു. തല നിറയേ എണ്ണ തേച്ച് കുളിക്കാൻ പോകുമ്പോൾ ഇടവഴിയിൽ കാണുന്ന ചാണകക്കുന്തിയെ അവർ വലം വെച്ചു തൊഴും, ചുണ്ടനക്കാതെ പ്രാർഥിക്കും. അവർക്ക് ചികിത്സ വേണ്ടായിരുന്നു. ചികിത്സക്കു നിന്നു കൊടുക്കാതെ കുന്നിറങ്ങി വരുന്ന നീണ്ടു മെലിഞ്ഞ കുഞ്ഞമ്മ ഉണങ്ങിയ മുളങ്കമ്പുകൊണ്ട് തന്റെ വഴി തെളിച്ചു. ആരെയും ഉപദ്രവിക്കാത്ത കുഞ്ഞമ്മയെ ആരോ കല്ലെറിഞ്ഞു. തിരിച്ചെറിഞ്ഞതോടെ കുഞ്ഞമ്മ അപകടകാരിയായി. 
കുണ്ടനിടവഴി തുടങ്ങുന്നിടത്ത് തല കുത്തി നിന്ന് കുഞ്ഞപ്പു ശരണം വിളിക്കും.  ഹര ഹരോ ഹര ഹര!. മുഴുത്ത മാംസപേശികളും മുഖം നിറയേ താടിയുമുള്ള കുഞ്ഞപ്പുവിന് ഒരിടത്തും ഒതുങ്ങിയിരിക്കാൻ വയ്യായിരുന്നു. ലോകത്തെ മുഴുവൻ തല കീഴായി കാണാനായിരുന്നു ഇഷ്ടം. കണക്ക് പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടമായിരുന്ന ടീച്ചറുടെ നില തെറ്റി, പല്ലെടുത്തതോടെ. ഇടക്കിടെ കൃത്രിമപ്പല്ലെടുത്തുനോക്കി അവർ ചിരിക്കുകയും വ്യക്തമല്ലാത്തതെന്തോ ഉച്ചരിക്കുകയും ചെയ്യുമായിരുന്നു. 
സമൂഹവുമായുള്ള ഇടപഴക്കം ഇടയുമ്പോൾ വ്യക്തിയുടെ താളബോധം പിഴക്കുമെന്നാണ് എൻറെ അഭിപ്രായം.  നല്ലവനായ ഒരു ബന്ധു എന്തിനെയോ വെറുക്കുകയോ പേടിക്കുകയോ ചെയ്തിരുന്നതുപോലെ അനുഭവപ്പെട്ടു. ലോകകോടതിയിൽ അദ്ദേഹത്തെ വിചാരണ ചെയ്യുന്നു. ഒറ്റക്ക് കഴിഞ്ഞിരുന്ന അദ്ദേഹത്തിൻറെ ചേതോവികാരം നിർദ്ധാരണം ചെയ്യാൻ ഞാൻ മെനക്കെട്ടില്ല. ആസ്പത്രിയിൽ ഒരു മാസം കഴിഞ്ഞപ്പോൾ ഏതാണ്ടൊക്കെ സ്വബോധം മടക്കി കിട്ടി. അന്ന് അദ്ദേഹത്തിന് കൊടുത്തതുപോലുള്ള ഷോക്ക് ചികിത്സ അത്ര പ്രിയംകരമല്ല ഇപ്പോൾ എന്നു കേൾക്കുന്നു. വേറൊരാൾ വീണ്ടും ഒറ്റയാനായിരുന്നു. എന്തിനെപ്പറ്റിയും ആരെപ്പറ്റിയും എന്നും പരാതി പറഞ്ഞു.  ആളുകളോട് പൊരുത്തപ്പെട്ടുപോകാൻ അദ്ദേഹം ഏറെ കഷണിച്ചു. മൂന്നാമതൊരാൾ മനോരോഗചികിത്സയിൽ നൈപുണ്യം നേടിയ ആളായിരുന്നു. കലഹിച്ചു പിരിഞ്ഞ കുടുംബം. മേധാവികളുമായി ശണ്ഠ. സ്ഥാപനം നന്നാക്കാൻ തനിക്കേ കഴിയൂ എന്ന വിചാരം. ശത്രുക്കൾ തന്നെ പിൻ തുടരുന്നുവെന്ന ഭീതിയും ദ്വേഷവും മൂർഛിച്ചുവന്നു. ഞങ്ങൾ അവരെ ആസ്പത്രിയിലാക്കി. അവർ തിരിച്ചുപോയത് പഴയ ലോകത്തേക്കു തന്നെയായിരുന്നു. വിചാരണയുടെയും ഭയത്തിന്റെയും സംശയത്തിന്റേയും ഒറ്റപ്പെട്ട ലോകത്തേക്ക്.
പരിശിഷ്ടം: മസ്തിഷ്‌കം മനസ്സല്ല. പക്ഷേ തൊട്ടു കാണിക്കാൻ വയ്യാത്ത മനസ്സിനു കേടു വന്നാൽ മസ്തിഷ്‌കം കേന്ദ്രമാക്കി ചികിത്സിക്കുന്നു.  മനോരോഗം മാറണമെങ്കിൽ മനസ്സിനെ പിടിക്കണം.
 

Latest News