വിവാഹത്തിനായി ഹിന്ദുക്കള്‍ മതം മാറുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി ആര്‍.എസ്.എസ് മേധാവി

ഹല്‍ദ്വാനി- ഹിന്ദുയുവാക്കളും പെണ്‍കുട്ടികളും വിവാഹത്തിനുവേണ്ടി മതംമാറുന്നത് തെറ്റാണെന്നും യുവജനങ്ങളുടെ മനസ്സില്‍ സ്വന്തം മതത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചുമുള്ള അഭിമാന ബോധ വളര്‍ത്തണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹമടക്കം സ്വാര്‍ഥതക്കുവേണ്ടിയാണ് ഹിന്ദു പെണ്‍കുട്ടികളും ആണ്‍കുട്ടികളും മറ്റു മതങ്ങളിലേക്ക് പോകുന്നത്. ഇങ്ങനെയല്ല നമ്മള്‍ കുട്ടികളെ വളര്‍ത്തേണ്ടത്. വീടുകളില്‍വെച്ച് അവരുടെ മനസ്സുകളിലേക്ക് നമ്മുടെ മൂല്യങ്ങളും പാരമ്പര്യവും പകര്‍ന്നു നല്‍കണം. മക്കളെ എന്താണ് പഠിപ്പിക്കേണ്ടതെന്ന് നമുക്ക ഉറച്ച ബോധ്യമുണ്ടാകണം. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആശയക്കുഴപ്പമില്ലാതെ മറുപടി നല്‍കാന്‍ കഴിയണം.
ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്നും നാട്ടിലെ ഭക്ഷണം കഴിക്കണമെന്നും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കണമെന്നും ആര്‍.എസ്.എസ് മേധാവി ഉണര്‍ത്തി. ഭാഷ, ഭക്ഷണം, ഭക്തിഗാനങ്ങള്‍, യാത്ര, വേഷം, വീട് എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ഉറച്ചുനില്‍ക്കാന്‍ ഈ മന്ത്രങ്ങള്‍ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News