ജറൂസലം- ഇസ്രായിലി റബ്ബി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികാരമായി അദ്ദേഹം താമസിച്ചിരുന്ന താല്‍ക്കാലിക ഔട്ട്‌പോസ്റ്റ് പൂര്‍ണ തോതിലുള്ള ജൂത താമസ കേന്ദ്രമാക്കുന്നു. വെസ്റ്റ് ബാങ്കിലെ ഔട്ട്‌പോസ്റ്റിനാണ് പൂര്‍ണ കുടിയേറ്റ കേന്ദ്രപദവി നല്‍കുന്നതെന്ന് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു പറഞ്ഞു. ഹവാത് ഗിലാഡിന്റെ പദവിയാണ് സാധാരണ താമസ കേന്ദ്രമായി ഉയര്‍ത്തുന്നത്. 15 വര്‍ഷം മുമ്പ് സ്ഥാപിച്ച ഔട്ട്‌പോസ്റ്റില്‍ ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനു പുറമേ, ബജറ്റില്‍ തുക നീക്കിവെക്കും. ഓട്ട്‌പോസ്റ്റില്‍ 50 കുടുംബങ്ങളാണ് കഴിഞ്ഞുപോരുന്നത്.
കഴിഞ്ഞ മാസം ഒമ്പതിനാണ് റബ്ബി റസീല്‍ ഷെവാഹ് അദ്ദേഹം താമസിച്ചിരുന്ന ഹവാത് ഗിലാഡിനു സമീപം വെടിയേറ്റു മരിച്ചത്. ഇവിടെ നിന്ന് 35 കി.മീ അകലെയുള്ള ജനിന്‍ പട്ടണത്തില്‍ താമസക്കാരനായ ഫലസ്തീനിയാണ് കൊലപ്പെടുത്തിയതെന്ന് തുടര്‍ന്ന് ഇസ്രായില്‍ സേന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 22 കാരനായ അഹ്മദ് ജറാറിനെ പിടികൂടാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും ബുര്‍ഖിന്‍ ഗ്രാമത്തില്‍ ഫലസ്തീനി യുവാവിനുവേണ്ടി സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ശനിയാഴ്ച നടന്ന തിരച്ചില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും 19 കാരനായ അഹ്മദ് അബൂ ഉബൈദ് എന്ന 19 കാരനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇസ്രായിലി റബ്ബി ഷെവാഹിന്റെ സംസ്‌കാര ചടങ്ങിനിടെ പ്രതികാരത്തിനു മുറവിളി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയും തീവ്രവലതുപക്ഷ ജൂത ഹോം പാര്‍ട്ടി നേതാവുമായ നഫ്താലി ബെന്നറ്റാണ് പ്രതികാരത്തിന് ആഹ്വാനം ചെയ്തത്.
കൂടുതല്‍ അധിനിവേശ കുടിയേറ്റ കേന്ദ്രങ്ങളുണ്ടാക്കി പകരം ചോദിക്കണമെന്ന ബെന്നറ്റിന്റെ വാക്കുകളാണ് നയപരിപാടിയായി പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ഇസ്രായില്‍ സ്ഥാപിക്കുന്ന അധിനിവേശ താമസ കേന്ദ്രങ്ങളാണ് ഫലസ്തീന്‍ സമാധാനത്തിനു പ്രധാന തടസ്സങ്ങളിലൊന്ന്. ഫലസ്തീനികള്‍ തങ്ങളുടെ ഭാവി രാജ്യത്തിന്റെ ഭാഗമായി കരുതുന്ന പ്രദേശങ്ങളിലാണ് ഇസ്രായിലി പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ കുടിയേറ്റ കേന്ദ്രങ്ങളെന്ന് ഇസ്രായില്‍ വേര്‍തിരിക്കുന്നുണ്ട്. അംഗീകാരമില്ലാത്തതിനെ ഔട്ട്‌പോസ്റ്റുകളെന്നാണ് വിളിക്കുന്നത്. വെസ്റ്റ് ബാങ്ക് മുഴുവനായും ഇസ്രായിലിന്റെ ഭാഗമാക്കണമെന്ന് വാദിക്കുന്ന തീവ്ര ദേശീയവാദികളണ് ഇവിടങ്ങളില്‍ താമസിക്കുന്നത്.






