സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീ പിടിയില്‍

തഞ്ചാവൂര്‍- തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍. തഞ്ചാവൂരിലാണ് സംഭവം.
ഈ മാസം നാലിന് ആശുപത്രിയിലെത്തിയ വിജി എന്ന സ്ത്രീ ഗുണശേഖരന്‍-രാജലക്ഷ്മി ദമ്പതികളുമാി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഒക്ടോബര്‍ അഞ്ചിന് രാജലക്ഷ്മി കുഞ്ഞിനു ജന്മം നല്‍കി. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ വിവാഹിതരായതിനാല്‍ പ്രസവ സമയത്ത് ബന്ധുക്കളൊന്നും ആശുപത്രിയില്‍ വന്നിരുന്നില്ല.
ഗര്‍ഭിണിയാണെന്നു ചെക്കപ്പിനു വന്നതാണെന്നുമാണ് അറസ്റ്റിലായ വിജി ദമ്പതികളോട് പറഞ്ഞിരുന്നത്. ദമ്പതികളെ സഹായിക്കുയും ചെയ്തു.
ശനിയാഴ്ച ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിജി ഒരു ഷോപ്പില്‍നിന്ന് ഡയപ്പര്‍ വാങ്ങിയതായി കണ്ടെത്തി. അവിടെ നല്‍കിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി തഞ്ചാവൂര്‍ എസ്.പി രവാലി പ്രിയ പറഞ്ഞു. കുഞ്ഞിനെ കാണാതായ 30 മണിക്കൂര്‍ 30 വര്‍ഷം പോലെയാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്ന് മതാപിതാക്കള്‍ പറഞ്ഞതായി എസ്.പി പറഞ്ഞു.

 

Latest News