Sorry, you need to enable JavaScript to visit this website.

അനധികൃത സിം കാര്‍ഡ് വില്‍പന: റിയാദില്‍ ഏഴ് വിദേശികള്‍ പിടിയില്‍

റിയാദ് - അനധികൃതമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വില്‍പന നടത്തിയ ഏഴു ബംഗ്ലാദേശുകാരെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള ഏഴു പേരും ഇഖാമ നിയമ ലംഘകരാണ്. സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളാണ് സംഘം വില്‍പന നടത്തിയിരുന്നത്.
തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജോലികള്‍ മറയാക്കിയാണ് ഇവര്‍ അനധികൃതമായി സിം കാര്‍ഡ് വില്‍പന നടത്തിയിരുന്നത്. വിവിധ കമ്പനികളുടെ പേരിലുള്ള 1,461 സിം കാര്‍ഡുകളും നാലു വിരലടയാള റീഡിംഗ് ഉപകരണങ്ങളും പണവും നിയമ ലംഘകരുടെ പക്കല്‍ കണ്ടെത്തി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

 

Latest News