ഓക്‌സിജന്‍ ക്ഷാമവും ഇല്ലെന്നാണ് പറഞ്ഞിരുന്നത്, വൈദ്യുതി പ്രതിസന്ധി സത്യമെന്ന് സിസോദിയ

ന്യൂദല്‍ഹി- രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന  കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിസന്ധിക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും കല്‍ക്കരി ക്ഷാമമുണ്ടെന്ന തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.പി.സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നത്.  
കല്‍ക്കരി ക്ഷാമം മൂലം ഇരുട്ടിലേക്ക് പോകുമെന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് മന്ത്രി നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതെന്ന് സിസോദിയ പറഞ്ഞു.
രാജ്യത്തെ നിലവിലെ കല്‍ക്കരി പ്രതിസന്ധിയുടെയും കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഏപ്രില്‍- മേയ് മാസങ്ങളില്‍ രാജ്യം നേരിട്ട ഓക്‌സിജന്‍ ക്ഷാമത്തിന്റെയും സമാനത സൂചിപ്പിച്ചുകൊണ്ടാണ് സിസോദിയയുടെ പ്രസ്താവന. ഞങ്ങള്‍ ഓക്‌സിജന്‍ പ്രതിസന്ധി നേരിട്ടപ്പോഴും അവര്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ കല്‍ക്കരിയുടെ അവസ്ഥയും സമാനമാണ്. ഞങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്- സിസോദിയ പറഞ്ഞു.

ആകെ വൈദ്യുതി ഉല്‍പാദനത്തിന്റെ 70 ശതമാനത്തിനും കല്‍ക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. ഗുജറാത്ത്, പഞ്ചാബ്, രജസ്ഥാന്‍, ദല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പലപ്രദേശങ്ങളിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുകയും ചെയ്തു.

 

Latest News