Sorry, you need to enable JavaScript to visit this website.

വീണ്ടും ഹൂത്തികളുടെ പ്രകോപനം; ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തി

റിയാദ് - ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം അയച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.
സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് തുടരുന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ഹൂത്തി മിലീഷ്യകളോട് ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയും കണക്കു ചോദിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാ സമിതിക്ക് നല്‍കിയ പുതിയ കത്തിലാണ് ഹൂത്തികളോട് അന്താരാഷ്ട്ര സമൂഹം കണക്കു ചോദിക്കണമെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമി ആവശ്യപ്പെട്ടത്.
വൈദേശിക ആക്രമണങ്ങൡ നിന്ന് സ്വന്തം മണ്ണ് സംരക്ഷിക്കാനും സൗദി പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും ആവശ്യമായ മുഴുവന്‍ നടപടികളും സൗദി അറേബ്യ സ്വീകരിക്കും. അബഹ എയര്‍പോര്‍ട്ടില്‍ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ എട്ടിന് രക്ഷാ സമിതിക്ക് താന്‍ കത്ത് നല്‍കിയിരുന്നു. ഇതിനു ശേഷവും സാധാരണക്കാര്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഹൂത്തികള്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഹൂത്തികളോട് കണക്കു ചോദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കുന്നത്.
ഈ മാസം എട്ടിന് ജിസാന്‍ കിംഗ് അബ്ദുല്ല എര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു സൗദികള്‍ക്കും മൂന്നു ബംഗ്ലാദേശുകാര്‍ക്കും ഒരു സുഡാനിക്കും പരിക്കേറ്റു. പത്തു പേരും സാധാരണക്കാരാണ്. കൂടാതെ എയര്‍പോര്‍ട്ടില്‍ നാശനഷ്ടങ്ങളുമുണ്ടായി. സിവിലിയന്‍ പശ്ചാത്തല സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് കരുതിക്കൂട്ടി നടത്തുന്ന ആക്രമണങ്ങളും സാധാരണക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതും യുദ്ധക്കുറ്റമാണ്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ഹൂത്തികളോട് ഇക്കാര്യത്തില്‍ കണക്കു ചോദിക്കണം.

 

Latest News