കോഴിക്കോട്: കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുക്കുൽസുവിന്റെ (31) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇയാൾ ഒളിവിലാണ്. സംശയ രോഗത്തെത്തുടർന്ന് ഇയാൾ ഉമ്മുക്കുൽസുവിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉമ്മുക്കുൽസുവിന്റെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ്. പേശികളേറെയും മർദനത്തെത്തുടർന്ന് തകർന്നിട്ടുണ്ട്. അസ്ഥികൾക്കും പൊട്ടലേറ്റിട്ടുണ്ട്. വായിൽ രാസവസ്തു ഒഴിച്ചതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ മൊഴി നൽകിയിട്ടുണ്ട്.
താജുദ്ദീനുമായി അകൽച്ചയിലായിരുന്ന ഉമ്മുക്കുൽസു സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീൻ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. താജുദ്ദീന്റെ സുഹൃത്ത് സിറാജുദ്ദീൻ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്പ്രത്തെ വീട്ടിൽ താജുദ്ദീനും ഉമ്മുക്കുൽസുവും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയതായിരുന്നു ഉമ്മുക്കുൽസു. സിറാജുദ്ദീനും കുടുംബവും വെള്ളിയാഴ്ച പകൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകിട്ട് അവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ തളർന്നുവീണു കിടന്ന നിലയിൽ ഉമ്മുക്കുൽസുവിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. അപ്പോഴേക്കും താജുദ്ദീൻ മുങ്ങിയിരുന്നു.