Sorry, you need to enable JavaScript to visit this website.

ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ്:  ഒരുക്കങ്ങൾ പൂർത്തിയായെന്ന് നോർക്ക

തിരുവനന്തപുരം- നോർക്ക സംഘടിപ്പിക്കുന്ന ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
കോവിഡ് മഹാമാരി ആഗോള തൊഴിൽ വിപണിയിലേൽപിച്ച ആഘാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തി, വിദഗ്ധ മേഖലയിൽ കേരളത്തിലെ മാനവ വിഭവശേഷിക്ക് വഴികാട്ടുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് നടത്തുന്നത്. 
ഒക്ടോ. 12 ന് രാവിലെ ഒമ്പതു മുതൽ ഓൺലൈനായും നിയമസഭാ മന്ദിര ത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലുമായാണ് സമ്മേളനം നടക്കുന്നത്. കോവിഡാനന്തര ലോകത്തെ നൂതന തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണ് സംഗമം. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധരടക്കമുള്ളവർ സമ്മേളനത്തിൽ സംബന്ധിക്കും. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ നാല് രാജ്യങ്ങളിലെ അംബാസിഡർമാർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 
കുവൈത്ത്, ജപ്പാൻ, ജർമനി എന്നിവടങ്ങളിലെ മുതിർന്ന നയതന്ത്ര പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തൊഴിൽദാതാക്കൾ, റിക്രൂട്ടിംഗ് ഏജൻസികൾ, റീജണൽ പാസ്‌പോർട്ട് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കുന്ന 'ഒ.എം.സി 2021' രാജ്യത്തെ തന്നെ പ്രഥമ സംരംഭമാണ്. 
മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷത വഹിക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സി.പി.വി ആന്റ് ഒ.ഐ.എ) സഞ്ജയ് ഭട്ടാചാര്യ ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തും. സമാപന സെഷനിൽ സ്പീക്കർ എം.ബി. രാജേഷ് മുഖ്യാതിഥിയായിരിക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ (ഫിക്കി) പങ്കാളിത്തത്തോടെയാണ് സമ്മേളനം ഒരുക്കുന്നത്. ശങ്കരനാരായണൻ തമ്പി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ടവർക്കാണ് പ്രവേശനം. ഓൺ ലൈൻ സമ്മേളനത്തിൽ പങ്കെടുക്കാൻ https://regitsrations.ficci.com/ficoec/onlineregitsrationi.asp എന്ന ലിങ്കിൽ ആർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04844058041 / 42, മൊബൈൽ:  09847198809. ഇ-മെയിൽ: [email protected].

Latest News