കൽപറ്റ-വയനാട് കലക്ടറേറ്റ് പടിക്കലെ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂസമരപ്പന്തൽ സുപ്രീം കോടതി അഭിഭാഷകനും വിഖ്യാത മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ.പ്രശാന്ത ഭൂഷൺ സന്ദർശിച്ചു. ദേശീയ കർഷക പ്രക്ഷോഭത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനു സംയുക്ത കിസാൻ മോർച്ച ജില്ലാ ഘടകം കൈനാട്ടി വ്യാപാര ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്കു 12നാണ് സമരപ്പന്തലിലെത്തിയത്. സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോ ഓർഡിനേറ്റർ പി.ടി.ജോൺ, സ്വരാജ് അഭിയാൻ നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിയംഗം കെ.വിശ്വംഭരൻ എന്നിവർ കൂടെ ഉണ്ടായിരുന്നു. പന്തൽ പരിസരത്തു രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോൺ ജോസഫ്, കാഞ്ഞിരത്തിനാൽ ഭൂസമര സഹായ സമിതി ഭാരവാഹികളായ പി.പി.ഷൈജൽ, ലത്തീഫ് മാടായി, കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളായ ജയിംസ്, ഭാര്യ ട്രീസ, മക്കളായ വിബിൻ, നിധിൻ എന്നിവർ ചേർന്നു പ്രശാന്ത് ഭൂഷനെ സ്വീകരിച്ചു.
നാലു പതിറ്റാണ്ടിലധികമായി കുടുംബം നേരിടുന്ന നീതിനിഷേധവും 2015 ഓഗസ്റ്റ് 15നു കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനിടയായ സാഹചര്യവും ജയിംസ് വിശദീകരിച്ചതു അഡ്വ.പ്രശാന്ത് ഭൂഷണു മനസ്സിലാകുന്നതിനു പി.ടി.ജോണും അഡ്വ.ജോൺ ജോസഫും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. അര മണിക്കൂറോളം പന്തലിൽ ചെലവഴിച്ച പ്രശാന്ത് ഭൂഷൻ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെയും അന്വേഷണ റിപ്പോർട്ടുകളുടെയും പകർപ്പ് കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു വാങ്ങി. കുടുംബത്തിനു നിയമസഹായം ലഭ്യമാക്കുന്നതിൽ രേഖകൾ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നു അദ്ദേഹം പന്തലിനു പുറത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നമ്പർ 238/1ലാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ട 12 ഏക്കർ ഭൂമി. കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരൻമാർക്കു ജൻമാവകാശം ഉണ്ടായിരുന്ന സ്ഥലം അടിയന്തരാവസ്ഥക്കാലത്താണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇതിനെതിരായ വ്യവഹാരങ്ങളിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു വിജയിക്കാനായില്ല. സ്ഥലം 2013ൽ വനമായി വിജ്ഞാപനം ചെയ്യുകയുമുണ്ടായി. കാഞ്ഞിരത്തിനാൽ ജോർജിന്റെ മരണശേഷമായിരുന്നു ഇത്.
കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു വനം വകുപ്പ് പിടിച്ചെടുത്തതു കൃഷിഭൂമിയാണെന്നു സർക്കാർ നിർദേശാനുസരണം നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു. ഹരിതസേന ചെയർമാൻ വി.ടി.പ്രദീപ്കുമാർ, കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് എന്നിവരുടെ ഹരജിയിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ടതാണെന്നു കണ്ടെത്തുകയുണ്ടായി. എന്നാൽ വനം വകുപ്പ് പിടിച്ചെടുത്ത സ്ഥലം കാഞ്ഞിരത്തിനാൽ കുടുംബത്തിനു തിരികെ നൽകാൻ സർക്കാർ തയാറായില്ല. പകരം ഭൂമി അനുവദിക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ പകരം ഭൂമി സ്വീകരിക്കുന്നതിനോടു കാഞ്ഞിരത്തിനാൽ കുടുംബം വിയോജിച്ചു. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമനുസരിച്ചു ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു വിട്ടുകൊടുത്തിരുന്നു. ഈ നടപടി തൃശൂർ ആസ്ഥാനമായുള്ള സന്നദ്ധസംഘടനയുടെ ഹരജിയിൽ ഹൈക്കോടതി തടഞ്ഞു. വ്യവഹാരത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു പ്രതികൂലമായ വിധിയും ഉണ്ടായി. ഈ സാഹചര്യത്തിൽ പകരം ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ച കുടുംബം സ്ഥലത്തിന്റെ കമ്പോളവില ലഭ്യമാക്കിയാൽ സമരം അവസാനിപ്പിക്കാനുള്ള സന്നദ്ധതയും സർക്കാരിനെ അറിയിച്ചു. പക്ഷേ, കമ്പോളവിലയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. സെന്റിനു രണ്ടര ലക്ഷം രൂപയാണ് കാഞ്ഞിരത്തിനാൽ കുടുംബം ചോദിക്കുന്നത്.