തൃശൂർ - നെടുപുഴയിൽ അതിർത്തി തർക്കത്തിനിടെ അയൽവാസിയായ യുവാവിന് നേരെ മധ്യവയസ്‌കൻ വെടിയുതിർത്തു. നെടുപുഴ ദുർഗ ദേവി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചിരിയംകണ്ടത്ത് റോഷനു (28) നേരെയാണ് വെടിയുതിർത്തത്. തലനാരിഴയ്ക്കു യുവാവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സായി റിട്ടയേർഡ് കോച്ച് നെടുപുഴ കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസൻ (63)നെ നെടുപുഴ പോലീസ് അറസ്റ്റു ചെയ്തു.
കുറച്ച് കാലങ്ങളായി ഇരുവർക്കുമിടയിൽ അതിർത്തി തർക്കം രൂക്ഷമായിരുന്നു. ഇന്നലെ രാവിലെ പ്രേമദാസൻ വളർത്തുനായെ റോഷന്റെ പുരയിടത്തിൽ കെട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും തുടർന്ന് വെടിയുതിർത്തിലും എത്തിയത്.
വാക്കേറ്റം രൂക്ഷമായതോടെ പ്രേമദാസൻ വീടിനകത്തു നിന്നു പിസ്റ്റൾ എടുത്തു ആദ്യം ഒരു റൗണ്ട് ആകാശത്തേക്കും പിന്നീട് യുവാവിനെ ലക്ഷ്യമാക്കിയും വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നെടുപുഴ എസ് ഐ കെ.സി. ബൈജുവും സംഘവും പ്രേമദാസനെ പിസ്റ്റൾ സഹിതം കസ്റ്റഡിയിലെടുത്തു. പിസ്റ്റൾ ലോഡ് ചെയ്ത നിലയിലായിരുന്നു. തോക്കിന് ഡിസംബർ വരെ ലൈസൻസ് കാലാവധി ഉണ്ട്.






