ഇൻഡോർ- ഇന്ത്യയിൽ വിമാന യാത്രയുടെ ചെലവ് ഓട്ടോറിക്ഷ നിരക്കിലും കുറവാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി. ഒരു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ഓട്ടോയേക്കാൾ കുറവ് നിരക്കാണ് വിമാന യാത്രക്ക് വരുന്നുള്ളൂവെന്ന് മന്ത്രി ജയന്ത് സിൻഹ പറഞ്ഞു. ഇൻഡോർ മാനെജമെന്റ് അസോസിയേഷൻ സംഘടിപ്പിച്ച 27ാമത് രാജ്യാന്തര മാനെജ്‌മെന്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'ഞാൻ പറയുന്നത് അസംബന്ധമാണെന്ന് ചിലർ പറയും. എന്നാൽ ഇത് വസ്തുതയാണ്. ഇൻഡോറിൽ നിന്ന് ദൽഹിയിലേക്ക് വിമാന യാത്രയ്ക്ക് ഒരു കിലോമീറ്ററിന് വെറും അഞ്ചു രൂപയെ വരുന്നുള്ളൂ. അതേസമയം ഇന്ദോറിൽ നിങ്ങൾ ഓട്ടോ വിളിക്കുകയാണെങ്കിൽ കിലോമീറ്ററിന് എട്ടു രൂപ മുതൽ 10 രൂപ വരെ നൽകേണ്ടി വരും,' മന്ത്രി വിശദീകരിച്ചു.
ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്താവുന്ന രാജ്യമാണ് ഇന്ത്യ. വെറും ചെരിപ്പിട്ടവനു പോലും ഇപ്പോൾ വിമാനത്തിൽ പറക്കാമെന്നു നേരത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ വിമാന യാത്രക്കാരിൽ അഞ്ചിരട്ടി വർധനയാണ് ലക്ഷ്യമിടുന്നത്. വിമാന യാത്രക്കാരുടെ എണ്ണം 100 കോടിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.