കണ്ണൂർ - രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് അധികൃതർക്ക് നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയും റിട്ട. എസ്.ബി.ടി ഉദ്യോഗസ്ഥനുമായ പി.പി.എം അഷറഫാണ് (71) ടൗൺ പോലീസിന്റെ പിടിയിലായത്. ഒളിവിൽ പോയ സഹോദരൻ പയ്യാമ്പലം റാഹത്ത് മൻസിലിൽ ഉമ്മർ കുട്ടിക്കായി അന്വേഷണം ഊർജിതമാക്കി. കണ്ണൂർ അസി.പോലീസ് കമ്മീഷണർ പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അഷറഫിന്റെ സഹോദരൻ ഉമ്മർ കുട്ടിയുടെ ഉടമസ്ഥതയിൽ, കണ്ണൂർ ഫോർട്ട് റോഡിൽ നിർമ്മിച്ച കെട്ടിടവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടായിരുന്നു. ഇതിൽ പരിശോധന നടത്തിയ കോർപറേഷൻ അധികൃതർക്ക് ഇക്കാര്യം ബോധ്യപ്പെടുകയും, കെട്ടിട നിർമാണം അനധികൃതമാണെന്നും ഇത് പൊളിച്ചുനീക്കണമെന്നും കാണിച്ച് കോർപറേഷൻ സെക്രട്ടറി ടി. സാജു, ഉമ്മർ കുട്ടിക്ക് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് മറുപടിയായാണ് പ്രസിഡന്റിന്റെ ഉത്തരവ് എന്ന പേരിൽ വ്യാജരേഖ ഹാജരാക്കിയത്.
പ്രസിഡൻഷ്യൽ ഡിക്രി എന്ന പേരിലുള്ള ഈ വ്യാജ ഉത്തരവിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, കോർപ്പറേഷന് ഇത്തരം നോട്ടീസ് നൽകാൻ അധികാരമില്ലെന്നും പറയുന്നു. മാത്രമല്ല, മന്ത്രിസഭയുടെ അംഗീകാരമില്ലാതെ പാസാക്കിയ മുൻസിപ്പൽ ചട്ടങ്ങൾ നിയമവിരുദ്ധമാണെന്നും ഇത് നിലനിൽക്കില്ലെന്നും വ്യക്തമാക്കുന്നു.
ഈ ഉത്തരവ് കിട്ടിയ മുൻസിപ്പൽ സെക്രട്ടറി സാജു, വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഉത്തരവ് വിശദമായി പരിശോധിച്ച അസി.കമ്മീഷണർ പി.പി. സദാനന്ദൻ, ഈ ഉത്തരവ് വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തുകയും, അഷറഫിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം, സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു.
വളരെ വിദഗ്ദ്ധമായാണിവർ തട്ടിപ്പ് നടത്തിയതെന്ന് എ.സി.പി സദാനന്ദൻ പറഞ്ഞു. ഈ രേഖയിൽ വ്യാകരണ തെറ്റുകൾ കണ്ടതാണ് ആദ്യം സംശയമുയർത്തിയത്. ഇത്തരമൊരു ഉത്തരവ് ഇറക്കിയോ എന്നറിയാൻ രാഷ്ട്രപതിയുടെ ഓഫീസിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. ഇതോടെ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. എന്നാൽ ആദ്യ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്താതിരിക്കാൻ പ്രതികൾ, ഇതുമായി ബന്ധപ്പെട്ട പരാതി രാഷ്ട്രപതിയുടെ വെബ്‌സൈറ്റിൽ പോസ്റ്റു ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇത്തരമൊരു ഉത്തരവിറക്കിയെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. സഹോദരനു വേണ്ടി അഷറഫ് തന്നെയാണ് ഇത് തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി എ.സി.പി പറഞ്ഞു.
പ്രതികൾ ഇതേ രേഖ, അഡീ.ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവർക്കും സമർപ്പിച്ചിരുന്നതായി പറയുന്നു.എന്നാൽ അവർക്കാർക്കും ഉത്തരവിൽ സംശയം തോന്നിയില്ല. പ്രതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തുവെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി സി.ഐ. ശ്രീജിത്ത് കൊടേരി പറഞ്ഞു.






