Sorry, you need to enable JavaScript to visit this website.

സ്വപ്‌നങ്ങളും ശുദ്ധീകരണവും

'പിള്ള മനസ്സിൽ കള്ളമില്ല' എന്നാണ് പഴമൊഴി. കുഞ്ഞുമനസ്സിന് ഒന്നും ഒളിക്കാൻ കഴിയില്ല. ആർ. രമേശൻ നായർ എന്ന രമേശ് ചെന്നിത്തലയും ഒരു പിള്ള തന്നെ. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട്ടെ ഡാണാപ്പടിയിൽ ഒരു ഇസ്‌ലാമിക സ്ഥാപനത്തിൽ നടന്ന 'മെറിറ്റ് ഇവനിംഗ്' എന്ന മോട്ടിവേഷണൽ പ്രോഗ്രാമിൽ അദ്ദേഹം മനസ്സു തുറന്നു എന്നു പറയുന്നത് സാങ്കേതികമായി ശരിയല്ല. എപ്പോഴും തുറന്നിരിക്കുന്ന മനസ്സാണത്. താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു, ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. എന്നാൽ ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും എന്നാണദ്ദേഹത്തിന്റെ വചന സാരം. സുധാകരനാശാനും മറ്റേ സതീശൻ കൊച്ചനും കരുതിയിരുന്നോളൂ എന്നൊരു ധ്വനിയുണ്ടോ? ഹേയ്, ദോഷൈകദൃക്കുകൾ മാത്രമേ അങ്ങനെ പറയൂ. പരാജയം വിജയത്തിലേക്കുള്ള ചവുട്ടുപടിയാണ് എന്ന ലിങ്കൺ മുതൽ പല മഹാന്മാരും കാലാകാലം പ്രസ്താവിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതുന്നവരെ വഴിതെറ്റിച്ചിരുന്നു. അങ്ങനെ വിജയമന്വേഷിച്ചു പലരും രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും കള്ളക്കടത്തിലേക്കുമൊക്കെ എടുത്തുചാടിയിട്ടുമുണ്ട്. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ എഴുപതാം പിറന്നാളിന് ഇല്ലസ്‌ട്രേറ്റ്ഡ് വീക്കിലി ഓഫ് ഇന്ത്യ എഴുതിയത് ഇങ്ങനെ: ശങ്കർ വെറുതെ സ്വപ്‌നം കണ്ടു കഴിയുന്നില്ല, ആ സ്വപ്‌നം ലക്ഷ്യത്തിലെത്തിക്കും വരെ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഡോ. എ.പി.ജെ. അബ്ദുൽ കലാമാകട്ടെ, ഏതു സദസ്സിനെത്തിയാലും സ്വപ്‌നം കാണാനും ലക്ഷ്യം നേടാനുമുള്ള ആഹ്വാനം നടത്തിപ്പോന്നു. രമേശ് ചെന്നിത്തല ഈ രണ്ടു സന്ദർഭങ്ങളുമായും മനസാ വാചാ കർമണാ ബന്ധപ്പെട്ടിരിക്കാനിടയില്ല. ഹിന്ദി പണ്ഡിറ്റായതിനാൽ നേരിട്ട് തിരുവനന്തപുരം - ദൽഹി റൂട്ടിലായിരുന്നു വിനോദം. ഇപ്പോൾ രണ്ടിടത്തും സ്ഥിതി ദയനീയം. എങ്കിലും ചെന്നിത്തല സ്വപ്‌നം കാണാൻ മടിക്കുന്നില്ല. രാത്രിയിലെ സ്വപ്‌നങ്ങൾ പോരാഞ്ഞിട്ട്, പകൽക്കിനാവുകൾ കൂടി കാണുവാൻ ഇപ്പോൾ വേണ്ടുവോളം സമയം. പാവം, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് പണിയുന്ന തിരക്കിലാണ്. സ്വപ്‌നം കാണാനുള്ള സമയമോ ആരോഗ്യമോ തൽക്കാലം ഇല്ല. കോൺഗ്രസിൽ മറ്റു പലരും ഇപ്പോഴും സ്വപ്‌നം കാണാറുണ്ടെങ്കിലും അവരുടേത് 'പിള്ള മനസ്സല്ല.' ചെന്നിത്തലയുടെ സ്വപ്‌നം പൂവണിയട്ടെ എന്നാഗ്രഹിക്കുവാൻ പെരുന്നയിലെ ഒരു 'പോപ്പ്' മാത്രമേയുള്ളൂ എന്നതാണ് പരമകഷ്ടം. സമുദായ വോട്ടുകളാകട്ടെ ഇടത്തേക്ക് ഒഴുകിക്കൊണ്ടുമിരിക്കുന്നു. 2025 ലും ഒഴുക്കു കുറയാൻ സാധ്യത കാണുന്നില്ല. നല്ല ശക്തമായ 'തടയണ' വല്ലതും തരപ്പെടുത്താൻ നോക്കുന്നത് നന്ന്. ഇക്കാര്യത്തിൽ പി.വി. അൻവറിന്റെ ഉപദേശം തേടാനു മടിക്കണ്ട!
****            ***           ****

'ഗാന്ധി സ്മൃതി'യിൽ ഒരു 'മൃതി' കൂടിയുണ്ട്. മഹാത്മാവിന്റെ ഓർമയെപ്പോലും ഇഞ്ചിഞ്ചായി കൊല്ലുന്ന എന്തെല്ലാം നാടകങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്! 'ഹിമാലയ'ത്തിനൊപ്പം എത്തിക്കാൻ 'ആറാട്ടുമുണ്ടന്മാരെ' ഏണിയിൽ കയറ്റി നിർത്തുന്ന പരിപാടി ദില്ലിവാലകൾ തുടങ്ങിയിട്ടു കുറച്ചു കാലമായി. ആശ്രമം, ഉദ്യാനം, പ്രതിമ, പഠന സിലബസ് തുടങ്ങിയവയിലാണ് കളി പ്രധാനമായും. ശുദ്ധാത്മാക്കളായ ഉള്ളി സുരേന്ദ്രനും കൂട്ടരും ചെയ്തത് പൊറുക്കാവുന്നതേയുള്ളൂ. പക്ഷേ യൂത്തന്മാർ പൊറുക്കില്ല. പാലക്കാട്ടെ ശബരി ആശ്രമ പരിസരം. ഗാന്ധി ജയന്തി ദിനത്തിൽ 'സ്മൃതിയാത്ര' നടത്തിയപ്പോൾ 'ഉള്ളി' സാനിറ്റൈസർ കരുതിയിരുന്നു. സൂക്ഷ്മം, എന്തിനാണ് അതെന്ന കാര്യത്തിൽ മാലോകർക്ക് ഒരു പിടിവള്ളിയും തടഞ്ഞില്ല. ആകാശത്തെ പതിവു സ്‌പോട്ട്‌ലൈറ്റും ഭൂമിയിലെ മൊത്തം ചാനൽ ക്യാമറകളും റെഡിയായപ്പോൾ ഗുട്ടൻസ് തെളിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഒരു കോലത്തിന്മേൽ സാനിറ്റൈസർ തളിച്ചു ശുദ്ധമാക്കുകയായിരുന്നു കർമ പരിപാടി. തുടർന്ന് 'അഗ്നിശുദ്ധി' അനിവാര്യവും! പക്ഷേ, 'കൊടുത്താൽ കൊല്ലത്തും'മാത്രമല്ല 'പാലക്കാട്ടും'കിട്ടും. ഉള്ളിയുടെ പാദസ്പർശമേറ്റ പ്രദേശം മുഴുവനും ചാണകവെള്ളം തളിച്ചാണ് യൂത്ത് കോൺഗ്രസ് അണുവിമുക്തമാക്കിയത്. ഗോമൂത്രത്തേക്കാൾ ഗോചാണകത്തിന് പണ്ടേ പ്രശസ്തിയുണ്ട്. ചാണകം മെഴുകിയ വരാന്ത, പൂമുഖം തുടങ്ങിയ പുരാതന കാഴ്ചകൾ വീണ്ടും തുറക്കപ്പെടുമോ എന്നാണ് നാട്ടുക്കാർ ഉറ്റുനോക്കുന്നത്. 
ഗാന്ധിജി മൂന്നുതവണ വിശ്രമിച്ച ശബരി ആശ്രമ മുറ്റത്തുനിന്നു തന്നെ ശുദ്ധീകരണം തുടങ്ങിയത് നന്നായി. പക്ഷേ അതു തിരുവോന്തരം മുതൽ അങ്ങു ദില്ലി വരെയും വേണം. അതിനുള്ള ചാണകവും സാനിറ്റൈസറും തികഞ്ഞില്ലെങ്കിൽ, ഉടനെ തന്നെ, 'ടെണ്ടർ' വിളിക്കണം. സാധാരണക്കാരന്റെ 'പഴബുദ്ധി'കൾ തോന്നിയത്.
ചാണകവെള്ളം ഗോമൂത്ര പ്രിയരായ 'ഉള്ളി' പാർട്ടി എടുത്തു തളിക്കുമെന്നാണ്. സംഗതി മറിച്ചായിപ്പോയി. കോൺഗ്രസിന്റെ സാമ്പത്തിക നില അത്ര പരുങ്ങലിലാണ്; ചാണകം ഉപയോഗിക്കുവാനുള്ള ശേഷിയേ അവശേഷിക്കുന്നുള്ളൂ......
****          ****          ****

അത്യാവശ്യക്കാർക്ക് യു ട്യൂബിൽ തിരഞ്ഞാൽ രാവണന്റെ അസ്ഥികൂടം വരെ കാണാനാകും. എന്നാൽ സംഗതി വിലയ്ക്കു വാങ്ങി സ്വന്തമാക്കണമെങ്കിൽ നമ്മുടെ 'കാവുങ്കൽ ഗുരു'വിനെ കണ്ടാൽ മതി. 'ക്ലിയോപാട്ര' എന്ന പുരാതന ഈജിപ്ഷ്യൻ വിശ്വസുന്ദരി പണ്ട് അധരങ്ങൾ ചുവപ്പിക്കാനുപയോഗിച്ചിരുന്ന 'ലിപ്സ്റ്റിക്' കണ്ടെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു ഗുരു. പലതരം വണ്ടുകളെയും കീടങ്ങളെയും വാറ്റി കുറുക്കിയെടുക്കുന്ന കടുംകൈ. ലോകത്തെ മികച്ച ഏതും തയാറാക്കുന്ന ചേർത്തലയിലെ മേസ്തിരിക്കു ഒഴിവില്ലാത്തതിനാൽ കുന്ദംകുളത്തെ അച്ചായനെ ദൗത്യം ഏൽപിച്ചു വിട്ടതാണ്. പക്ഷേ, കോൺഗ്രസിലെ സുധാകരനാശാന്റെ ശനിപ്പിഴയാണ് എല്ലാം മാറ്റിമറിച്ചത്. അടുത്ത കൊല്ലത്തെ തെരഞ്ഞെടുപ്പു ലാക്കാക്കി ഉത്തരദേശത്തുനിന്നു രണ്ടു യുവനടികൾ എത്തിയിരുന്നതായി ഒരു ഗോസിപ്പുണ്ട്. അവരുടെ വൃത്താന്തം കേട്ട മാത്രയിൽ ഉത്സാഹം കയറി പോലീസ് ശരിക്കും 'ഭേദ്യ' പരിപാടി തുടങ്ങി. ഗുരു വാതുറന്നില്ല. ഒടുവിൽ ഉറ്റ മിത്രമായ എ.ഡി.ജി.പി തന്റെ വലത്തേ ചെവി ഗുരുവിന്റെ വായ്ക്കകത്തക്കു നീട്ടിക്കൊടുത്തു. കാവുങ്കലിന്റെ മന്ത്രം ഇങ്ങനെ പുറത്തു വന്നു: നടികൾക്ക് പഴയ സുന്ദരി 'കിളിയോപ്പാറ്റ' ദേഹമാസകലം പുരട്ടി തിരുമ്മിയിരുന്ന പുരാതന ബ്രാന്റി ഏതാണെന്ന് അറിയണം. കിടച്ചാൽ 'ഒരു ലോഡ്' നമുക്കു കൂടി. തികഞ്ഞില്ലേൽ 'അര'യെങ്കിലും.
അതിനായി കാവുങ്കൽ ഭൂമി തുരന്ന് ഗവേഷണം നടത്തുമ്പോഴാണ് സുധാകരശനിയുടെ വരവും മണ്ണിടിഞ്ഞു ഗുരുവിന്റെ കാക്കിക്കുപ്പായക്കാരുടെ കൈകളിലേക്കുള്ള പതനവും. ഇക്കാര്യത്തിൽ മുഖ്യനാണ് പിന്നീട് സ്‌കോർ ചെയ്തത്. ഗുരുവിന്റെ പ്രിയ തോഴൻ, എ.ഡി.ജി.പി ലക്ഷ്മണ സഖാവിനെ പുറത്തിരുത്തി കതകടച്ചു പോലീസ് മീറ്റിംഗ് നടത്തി അരിശം തീർത്തു. ലക്ഷ്മണന് ചായയും വടയും ബിസ്‌കറ്റും മാത്രം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 
റിപ്പോർട്ടിൽ ബാക്കി ഭാഗം ശൂന്യമായതിനാൽ, ഒരു ചുക്കും സംഭവിക്കില്ലെന്നു ഭയപ്പെടുന്നതായി മാധ്യമങ്ങൾ പ്രസ്താവിക്കും; വിശ്വസിക്കണ്ട. ലോകനാഥ് ബെഹ്‌റ ലീവെടുത്താൽ 'രണ്ടുണ്ടു കാര്യം'! അങ്ങോർ ഇന്ത്യൻ ജെയിംസ് ബോണ്ടായി മാറും. കണ്ടോളൂ......

Latest News