റിയാദ് - ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്തുപകരാനും ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് പ്രത്യേക പാരിതോഷികം നൽകുന്നതിനുള്ള വ്യവസ്ഥകൾ മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ബിമാനി ബിസിനസ് കേസുകൾ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന പാരിതോഷികം ബിനാമി ബിസിനസ് വിരുദ്ധ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്റെ പ്രകടനത്തിന്റെയും നേട്ടങ്ങളുടെയും നിലവാരത്തിന്റെ വിലയിരുത്തലിന് ആനുപാതികമായിട്ടായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം പറയുന്നു.
ഓരോ വർഷവും ബിസിനസ് സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനകൾ, കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട നിയമങ്ങളും തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കൽ, വാണിജ്യ മന്ത്രാലയം അംഗീകരിച്ച തൊഴിൽ നൈതികത കോഡ് പാലിക്കൽ എന്നീ മാനദണ്ഡങ്ങളും പാരിതോഷികം കണക്കാക്കുന്നതിൽ പ്രത്യേകം പരിഗണിക്കും. വാർഷികാടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തി പാരിതോഷികം നിർണയിക്കുക. പ്രത്യേക മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തി വാണിജ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് തയാറാക്കുന്ന വാർഷിക റിപ്പോർട്ട് പ്രകാരം വർഷത്തിൽ മൂന്നു മാസത്തെ അടിസ്ഥാന വേതനത്തിൽ കവിയാത്ത തുകയാണ് ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി വിതരണം ചെയ്യുക.