Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിൽ ശുപാർശ കത്തുകളുടെ പ്രളയം. നിയന്ത്രണം വേണമെന്ന് കീഴ്ഘടകങ്ങൾക്ക് പാർട്ടി നിർദ്ദേശം


കോഴിക്കോട് :  ഇടതുമുന്നണിക്ക് തുടർ ഭരണം ലഭിച്ചതോടെ സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും വിവിധ ജോലികൾക്ക്  വേണ്ടിയും സി പി എമ്മിൽ പാർട്ടി കീഴ്ഘടകങ്ങളിൽ നിന്ന് ശുപാർശക്കത്തുകളുടെ പ്രളയം. ഇതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം മേൽ ഘടകങ്ങളിലേക്ക് ശുപാർശകൾക്കായി കത്ത് നൽകിയാൽ മതിയെന്നും പാർട്ടി നിർദ്ദേശം നൽകി. ഈ നിർദ്ദേശങ്ങൾ പാർട്ടി ജില്ലാ, ഏരിയാ കമ്മറ്റി ഭാരവാഹികൾ  കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല സർവ്വീസിലുള്ളവർ എതിർ യൂണിയനുകളിൽ പെട്ട ജീവനക്കാരെ സ്ഥലം മാറ്റുന്നതിന് വേണ്ടി വൈരാഗ്യ ബുദ്ധിയോടെ ഇടപെടൽ നടത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

നോൺ ഗസറ്റഡ് വിഭാഗത്തിലുള്ള പാർട്ടി ആഭിമുഖ്യമുള്ള ജീവനക്കാർക്ക് പാർട്ടി ഭരണത്തിലിരിക്കുമ്പോൾ താൽപര്യമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിക്കണമെങ്കിൽ ഒന്നുകിൽ സർവ്വീസ് സംഘടനകൾ വഴിയോ അല്ലെങ്കിൽ പാർട്ടി ബ്രാഞ്ച് കമ്മറ്റികൾ മുഖേനയോ ശുപാർശക്കത്തുകൾ നൽകുന്നതാണ് സി.പി.എമ്മിന്റെ സംഘടനാ രീതി. ബ്രാഞ്ച് കമ്മറ്റികൾ നൽകുന്ന ശുപാർശകൾ ലോക്കൽ, ഏരിയാ കമ്മറ്റികൾ വഴി ജില്ലാ കമ്മറ്റികളിൽ എത്തുകയും അവിടെ വെച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയുമാണ് പതിവ്.
ഉത്തവണ തുടർ ഭരണം കിട്ടിയതോടെ ശുപാർശക്കത്തുകളുടെ കുത്തൊഴുക്കാണെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. മാത്രമല്ല പാർട്ടിയോട് വലിയ ആഭിമുഖ്യമില്ലാത്തവർ പോലും പ്രാദേശിക നേതാക്കളിൽ സ്വാധീനം ചെലുത്തിയും മറ്റും ഇത്തരത്തിൽ സ്ഥലം മാറ്റങ്ങൾ ഒപ്പിച്ചെടുക്കുന്നുണ്ടെന്ന പരാതിയും വ്യാപകമായുണ്ട്. ഇതേ അവസ്ഥ തന്നെയാണ്  സർക്കാറിന്റെ കീഴിലും നിയന്ത്രണത്തിലുമുള്ള ഏജൻസികളിലേക്കുള്ള താൽക്കാലിക തൊഴിലവസരങ്ങളുടെ കാര്യത്തിലുമുള്ളത്.

ശുപാർശകളുടെ പ്രളയമായതോടെ സ്ഥലം മാറ്റങ്ങളുടെ കാര്യത്തിലും മറ്റും ഇടപെടുന്നതിന് ബ്രാഞ്ച് , ലോക്കൽ കമ്മറ്റികൾക്ക് പാർട്ടി നിബന്ധനകൾ കൊണ്ട് വന്നിട്ടുണ്ട്. സ്ഥലം മാറ്റ കാര്യത്തിലും മറ്റും അനാവശ്യമായി ഇടപെടരുതെന്നും ആരോഗ്യ കാരണങ്ങളാലോ, വീട്ടിൽ പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനോ, ശാരീരികമായ വൈകല്യങ്ങളുള്ളവരുടെയും മറ്റും സ്ഥലം മാറ്റ കാര്യങ്ങളിൽ മാത്രം പാർട്ടി പ്രാദേശിക ഘടകങ്ങൾ ഇടപെടൽ നടത്തിയാൽ മതിയെന്നും ജോലി എടുക്കാനുള്ള മടി കാരണം താരതമ്യേന ജോലി കുറഞ്ഞ ഓഫീസുകളിലേക്കുള്ള സ്ഥലം മാറ്റത്തിനും മറ്റും  മേൽ കമ്മറ്റികളിൽ സമ്മർദ്ദം ചെലുത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

 പൊതുജനങ്ങളുമായി ഇടപെടൽ നടത്തേണ്ട, ജോലി കൂടുതലുള്ള ഓഫീസുകളിൽ നിന്ന്   പാർട്ടി സ്വാധീനം ഉപയോഗിച്ച് ജോലിഭാരം കുറവുള്ള ഓഫീസുകളിലേക്ക് സ്ഥലം മാറ്റം വാങ്ങിക്കുന്ന പ്രവണത വലിയ തോതിൽ വ്യാപിച്ചിട്ടുണ്ടെന്നും ഇത് സർക്കാർ ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുണ്ടെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. ഇത്തരം പ്രവണതകൾ പ്രത്സാഹിപ്പിക്കരുതെന്ന് പ്രാദേശിക നേതൃത്വങ്ങളെ അറിയിക്കാൻ ഏരിയാ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. താൽക്കാലിക ജോലികൾക്കുള്ള ശുപാർശകളിലും സൂക്ഷ്മത പുലർത്തണമെന്നും പ്രാദേശിക നേതൃത്വത്തിന് പാർട്ടിയുടെ നിർദ്ദേശമുണ്ട്. 

തുടർ ഭരണം കിട്ടിയതിന്റെ ആലസ്യത്തിൽ പാർട്ടി പ്രവർത്തകരുടെ സാമൂഹ്യമായ ഇടപെടലുകൾ കുറഞ്ഞുവരുന്നതായും നേതൃത്വം വിലയിരുത്തുന്നുണ്ട്. കോവിഡ് കാലത്ത് നല്ല ഇടപെടലുകൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ഓരോ പാർട്ടി ബ്രാഞ്ചിന്റെയും കീഴിലുള്ള പോഷക സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും കൂടുതൽ ആളുകളെ പോഷക ഘടകങ്ങളിലേക്ക്  കൊണ്ടു വരുന്നതിനും നിർദ്ദേശമുണ്ട്.  

Latest News