വിവാദ ഹരജിയുമായി തോമസ് ചാണ്ടിക്ക് ബന്ധമില്ല- ശശീന്ദ്രന്‍

തിരുവനന്തപുരം- താന്‍ വീണ്ടും മന്ത്രിയാകുന്നത് തടയാന്‍ നല്‍കിയ ഹരജിയുമായി തോമസ് ചാണ്ടിക്കു ബന്ധമില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിയായതില്‍ എന്‍സിപിയില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാര്‍ത്തകളിലൂടെയാണ് ഹരജിക്കാരിയെക്കുറിച്ച് അറിഞ്ഞതെന്നും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണം ആവശ്യപ്പെടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
എ.കെ.ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പായതോടെയാണു മഹാലക്ഷ്മിയെന്ന സ്ത്രീ ഹരജിയുമായി രംഗത്തുവന്നത്.  മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് ശശീന്ദ്രനെതിരെ ഹരജി നല്‍കിയ മഹാലക്ഷ്മിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി കോടതിയില്‍ ഹരജി നല്‍കിയതെന്നാണു സൂചന. എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതു തടയുകയായിരുന്നു ഹരജിയുടെ ലക്ഷ്യം. ഹരജി തള്ളിയതോടെയാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
 

Latest News