ബംഗളൂരു- മൈസുരുവില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസിനടിയില്‍ കുടുങ്ങിയ മൃതദേഹം 70 കിലമോമീറ്റര്‍ വലിച്ചിഴച്ചു. സംഭവം ഡ്രൈവര്‍ അറിഞ്ഞതേയില്ല. ഒടുവില്‍ ബംഗളൂരുവിലെത്തിയ ബസ് ഡിപ്പോയില്‍ കഴുകുന്നതിനിടെയാണ് മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. 45-കാരനായ ഡ്രൈവര്‍ മുഇനുദ്ദീനെ അറസ്റ്റ് ചെയ്തു.
മൈസുരു-മാണ്ഡ്യ-ചന്നപട്ടണ വഴിയാണ് ബസ് ബംഗളൂരുവിലേക്ക് വന്നതെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഇതിനിടെ ചന്നപട്ടണത്തു വെച്ച് ബസിനടയില്‍നിന്ന് ശബ്ദം കേട്ടിരുന്നു. കണ്ണാടിയിലൂടെ പിന്‍വശത്തേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. കല്ലിടിച്ചതാകുമെന്ന് കരുതി ഡ്രൈവിങ് തുടരുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ചന്നപട്ടണത്തുനിന്ന് ബംഗളൂരുവിലേക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്. പുലര്‍ച്ചെ 2.35-നാണ് ബസ് ബംഗളുരുവിലെത്തിയത്. ആദ്യം മൈസുരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്‍ഡിലും പിന്നീട് മജസ്റ്റിക് ബസ്റ്റാന്‍ഡിലും കയറിയ ശേഷം ഡിപ്പോയിലെത്തിച്ച് പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ റെസ്റ്റ് റൂമില്‍ ഉറങ്ങാന്‍ പോയി.
പിന്നീട് രാവിലെ എട്ടു മണിയോടെ ബസ് കഴുകാനെത്തിയ ജീവനക്കാരനാണ് ബസിനടിയില്‍ ഒരു മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. സംഭവം ഉടന്‍ വില്‍സണ്‍ ഗാര്‍ഡര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. 30-നും 40-നുമിടയില്‍ പ്രായമുള്ളയാളുടെ മൃതദേഹമാണെന്ന് കരുതപ്പെടുന്നു.






