തിരുവനന്തപുരം- സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എ.കെ.ജി സെന്ററിന് എതിര്‍വശത്തായി പാര്‍ട്ടിക്ക് പുതിയ ആസ്ഥാന മന്ദിരം പണിയുന്നു. ഇതിനായി 31.95 സെന്റ് സ്ഥലം പാര്‍ട്ടി വില കൊടുത്തു വാങ്ങി. 6.4 കോടി രൂപ പ്രമാണത്തില്‍ രേഖപ്പെടുത്തിയാണ് ഇടപാട്.
എ.കെ.ജി സെന്റര്‍ മന്ദിരം എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്. അവിടെയാണ് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പേരില്‍ തന്നെ പുതുതായി വാങ്ങിയ സ്ഥലത്ത് ആസ്ഥാന മന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിച്ചേക്കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ പേരിലാണ് തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2391/2021 നമ്പറില്‍ കഴിഞ്ഞ മാസം 25ന് സ്ഥലം രജിസ്റ്റര്‍ ചെയ്തത്. ബ്ലോക്ക് നമ്പര്‍ 75. റീസര്‍വ്വേ നമ്പര്‍ 28. മൊത്തം 34 പേരില്‍ നിന്നായാണ് സ്ഥലം വാങ്ങിയത്. എ.കെ.ജി സെന്ററിലായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍. പാര്‍ട്ടി സമ്മേളനം ഔദ്യോഗികമായി തെരഞ്ഞെടുത്ത സെക്രട്ടറിയെന്ന നിലയില്‍ കോടിയേരിയുടെ പേരാണ് പാര്‍ട്ടി രേഖകളില്‍.
എ.കെ.ജി സെന്ററിന് മുന്നില്‍നിന്ന് എം.ജി റോഡിലെ സ്‌പെന്‍സര്‍ ജംഗ്ഷനിലേക്കുള്ള ഡോ.എന്‍.എസ്. വാരിയര്‍ റോഡിന്റെ വശത്താണ് പുതിയ സ്ഥലം. പാര്‍ട്ടി നേതാക്കള്‍ താമസിക്കുന്ന ഫ്‌ളാറ്റും ഇതിനടുത്താണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ, 1977ലാണ് എ.കെ.ജി സെന്ററിനായി കേരള സര്‍വകലാശാലാ വളപ്പിലെ 34.4 സെന്റ് സ്ഥലം പതിച്ചു നല്‍കിയത്.






