ജിസാൻ - പെട്രോളൊഴിച്ച് കാർ അഗ്നിക്കിരയാക്കിയ യുവാവിനു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തുന്നു. ഉടമയായ സൗദി പൗരൻ മസ്ജിദിനു മുന്നിൽ നിർത്തി നമസ്‌കാരം നിർവഹിക്കാൻ പള്ളിയിലേക്ക് കയറിപ്പോയ തക്കത്തിലാണ് പുതിയ മോഡൽ കാർ യുവാവ് അഗ്നിക്കിരയാക്കിയത്. സ്വന്തം കാറിൽ സ്ഥലത്തെത്തിയ യുവാവ് വാഹനം നിർത്തി പരിസര പ്രദേശം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം നിർത്തിയിട്ട കാറിന്റെ ഇന്ധന ടാങ്കിനു താഴെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കാറിൽ കയറി സ്ഥലംവിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്വബ്‌യ-ജിസാൻ റോഡിലെ അൽദബിയ പാലത്തിനു സമീപമുള്ള മസ്ജിദിനു മുന്നിൽ കാർ നിർത്തി പള്ളിയിലേക്ക് കയറിപ്പോയ തക്കത്തിലാണ് അജ്ഞാതൻ തന്റെ കാറിന് തീയിട്ടതെന്ന് ഉടമയായ സൗദി പൗരൻ പറഞ്ഞു. ദുഹ്ർ നമസ്‌കാരം പൂർത്തിയായി 1.10 ന് മസ്ജിദിൽ നിന്ന് താൻ പുറത്തിറങ്ങിയപ്പോഴാണ് കാറിൽ തീ ആളിപ്പടർന്നതായി കണ്ടത്. തീയണച്ച ശേഷം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അജ്ഞാത യുവാവ് കാർ അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങൾ കണ്ടത്. സംഭവത്തെ കുറിച്ച് ഉടൻ തന്നെ താൻ സുരക്ഷാ വകുപ്പുകളിൽ അറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ സുരക്ഷാ വകുപ്പുകൾ ശ്രമങ്ങൾ തുടരുകയാണെന്നും കാറുടമ പറഞ്ഞു.