Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രത്തെ എതിർക്കുന്നവർ പാക്കിസ്ഥാനിൽ പോകണം  -ശിയ വഖഫ് ബോർഡ് അധ്യക്ഷൻ

ലഖ്‌നൗ- അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുന്ന മുസ്‌ലിംകൾ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് അധ്യക്ഷൻ വസീം റിസ്‌വി. അയോധ്യയിലെ തർക്ക സ്ഥലത്ത്  വെള്ളിയാഴ്ച നമസ്‌കാരം നിർവഹിച്ച റിസ്‌വി രാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ സന്ദർശിക്കുകയും ചെയ്തു. ഈ മാസം എട്ടിന് ബാബ്‌രി കേസിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കേയാണ് വിവാദ പ്രസ്താവനയുമായി റിസ്‌വി രംഗത്തു വന്നത്. 
'അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം തടയണമെന്നും ബാബ്‌രി മസ്ജിദ് പുനർനിർമ്മിക്കണമെന്നുമുള്ള തീവ്രചിന്താഗതിയുള്ളവർ നിർബന്ധമായും പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം. ഇത്തരം മുസ്‌ലിംകൾക്ക് ഇന്ത്യയിൽ സ്ഥാനമില്ല. പള്ളിയുടെ പേരിൽ ജിഹാദ് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഐ.എസിലേക്കു പോകട്ടെ' -വസീം റിസ്‌വി പറഞ്ഞു. മതമൗലികവാദികളായ മുസ്‌ലിം പുരോഹിതരാണ് രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നതെന്നും അവർ പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടുന്ന രീതിയിൽ പ്രതികരിച്ച റിസ്‌വിക്കെതിരെ ശിയാ പണ്ഡിതന്മാർ തന്നെ രംഗത്തെത്തി. വഖഫ് സ്വത്തുകൾ അനധികൃതമായി വിൽക്കുകയും തട്ടിയെടുക്കുകയും ചെയ്യുന്ന ക്രിമിനലാണ് വസീം റിസ്‌വിയെന്ന് ശിയ ഉലമ കൗൺസിൽ അധ്യക്ഷൻ ഇഫ്തിഖാർ ഹുസൈൻ ഇൻക്വിലാബി ആരോപിച്ചു. 
ക്രൈം ബ്രാഞ്ച് സി.ഐ.ഡി റിസ്‌വിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാൻ വലിയ നാടകം കളിക്കുകയാണ് അദ്ദേഹമെന്നും ഇൻക്വിലാബി പറഞ്ഞു. റിസ്‌വിയെ അറസ്റ്റ് ചെയ്യണമെന്നും ഇൻക്വിലാബി ആവശ്യപ്പെട്ടു.


 

Latest News