കൊച്ചി- കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പിറവം മുളക്കുഴം നോർത്ത് കോച്ചേരിത്താഴം കുന്നുംപുറത്തു വീട്ടിൽ ബാബുവാണ് (60) ഭാര്യ ശാന്തയെ (55) വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിന് മൂന്ന് വെട്ടേറ്റ ശാന്ത ചോര വാർന്നാണ് മരിച്ചത്. ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടക്കുമ്പോൾ വീട്ടിൽ ബാബുവും ശാന്തയും മാത്രമാണ് ഉണ്ടായിരുന്നത്. ബാബു മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ അടുത്ത വീട്ടുകാരെ വിളിച്ചെഴുന്നേൽപിച്ച് പോലീസ് സ്‌റ്റേഷനിലെ നമ്പർ വാങ്ങി പോലീസിനോട് സംഭവം പറയുമ്പോഴാണ് അയൽക്കാർ കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇയാൾ സ്ഥലത്തു നിന്ന് പോയിരുന്നു. പിന്നീട് ഇയാളെ ഫോണിൽ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തു. രാവിലെ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാബു ചെത്തുതൊഴിലാളിയാണ്. മക്കൾ ബ്രിജിൻ, ബ്രിജീഷ് (ഇരുവരും ദുബായിൽ), ബ്രിജിത്.