ന്യൂദൽഹി- വെർച്വൽ രീതിയിലും നേരിട്ടുമുള്ള രീതികൾ ഇടകലർത്തിയുള്ള വാദം കേൾക്കലുമായി ഏറെക്കാലം മുന്നോട്ടു പോകാനാകില്ലെന്നു സുപ്രീംകോടതി. വെർച്വൽ വിചാരണ ശാശ്വതമല്ലെന്നും കോടതി ഉടൻ സാധാരണ നിലയിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കോടതി എല്ലാവർക്കുമായി തുറന്ന് എല്ല പൗരൻമാർക്കും സമീപിക്കാവുന്ന രീതിയിലാകണമെന്നും കോടതി നിരീക്ഷിച്ചു.
രണ്ടു തരത്തിലുള്ള രീതികൾ പരീക്ഷിച്ചു. എന്നാൽ, അതത്ര പ്രായോഗികമല്ല. ജനങ്ങൾ കോടതിയിലേക്ക് തീരെ വരുന്നില്ല. സാധാരണ നിലയിലേക്ക് മടങ്ങി കോടതി പഴയതു പോലെ പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വെർച്വൽ കോടതി വിചാരണ മൗലീക അവകാശമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ നാഷണൽ ഫൗണ്ടേഷൻ ഓഫ് സൊസൈറ്റീസ് ഫോർ ഫാസ്റ്റ് ജസ്റ്റീസും ജൂലിയോ റിബേരിയോ, ശൈലേഷ് ആർ. ഗാന്ധി എന്നിവരും നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ നൽകാൻ കോടതി പറഞ്ഞു. വെർച്വൽ വിചാരണ മൗലീക അവകാശമായി നിജപ്പെടുത്തിയാൽ കോവിഡ് പ്രതിസന്ധി കഴിഞ്ഞാലും ആരും കോടതിയിലേക്കു തിരിഞ്ഞു കയറാതെ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മിശ്ര രീതിയിലുള്ള വിചാരണ അനുവദിക്കാനാകില്ല എന്നു തന്നെയാണ് കോടതി ആവർത്തിച്ചു വ്യക്തമാക്കിയത്. ഒരു കേസിൽ ഒരു അഭിഭാഷകൻ നേരിട്ട് കോടതിയിൽ നിന്നും മറ്റൊരു അഭിഭാഷകൻ അയാളുടെ ഓഫീസിൽ ഇരുന്നും വാദിക്കുന്നത് ഏറെക്കാലം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന രീതിയല്ല. അതിനാൽ തന്നെ പരമ്പരാഗത രീതിയിലേക്ക് മടങ്ങ്ിപ്പോകേണ്ടതുണ്ട്. കോടതിയിൽ ഇരുന്ന് വെർച്വൽ വിചാരണയ്ക്കിടെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഒട്ടും സന്തോഷം തരുന്ന കാര്യമല്ലെന്നും ജഡ്ജിമാർ വ്യക്തമാക്കി. കോടതിയിൽ നേരിട്ടു വാദം നടക്കുമ്പോൾ അഭിഭാഷകർ മുഖത്തു നോക്കി വാദങ്ങൾ ഉന്നയിക്കുന്നത് പോലെ ഫലപ്രദമല്ല വെർച്വൽ രീതിയെന്നംു കോടതി ചൂണ്ടിക്കാട്ടി.






