കോഴിക്കോട് : പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ചില കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാണ് തന്റെ തീരുമാനമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബ്. നേരത്തെ സംഭവിച്ച കാര്യങ്ങൾ പലതും വീണ്ടും വിശകലനം ചെയ്താൽ പാർട്ടിയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം 'മലയാളം ന്യൂസിനോട് ' പറഞ്ഞു.
പാർട്ടിയിൽ ഇരു വിഭാഗവും തമ്മിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പത്ത് അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതി യോഗം ചേർന്ന് പരിഹരിക്കും.
അബ്ദുൾ വഹാബും അദ്ദേഹത്തോടൊപ്പമുള്ളവരും പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ പ്രവേശിക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം തടസപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നും തനിക്ക് എപ്പോൾ വേണമെങ്കിലും സംസ്ഥാന കമ്മറ്റി ഓഫീസിൽ കയറാമെന്നും അബ്ദുൾ വഹാബ് പറഞ്ഞു. താൻ ഉൾപ്പെടെ എട്ടു ഭാരവാഹികൾ സംസ്ഥാന കമ്മറ്റി ഓഫീസിൽ പ്രവേശിക്കുന്നതിനെതിരെ കാസിം ഇരിക്കൂർ വിഭാഗം കേസ് നൽകിയിരുന്നു. ഈ കേസ് പിൻവലിച്ചതായും അതിനാൽ മറ്റ് തടസ്സങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തു തീർപ്പുകളുമായി മുന്നോട്ട് പോകും. ഇരു വിഭാഗത്തിൽ നിന്നും അഞ്ചു പേരടങ്ങിയ ഒരു കമ്മിറ്റിയെ അതിനായി നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയായിരിക്കും ഇനി എല്ലാ കാര്യത്തിലും തീരുമാനമെടുക്കുകയെന്നും അബ്ദുൽ വഹാബ് പറഞ്ഞു. പ്രാദേശിക തലത്തിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കിൽ അതും പറഞ്ഞു തീർക്കും.