'മാര്‍ക്ക് ജിഹാദ്' ആരോപണം തള്ളി ദല്‍ഹി യൂനിവേഴ്‌സിറ്റി; പ്രവേശനം ലഭിച്ചവരില്‍ ഭൂരിപക്ഷം മലയാളി വിദ്യാര്‍ത്ഥികളല്ല

ന്യൂദല്‍ഹി- കേരളത്തില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നൂറു ശതമാനം മാര്‍ക്കുമായി എത്തി ദല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലിലെ വിവിധ കോളെജുകളില്‍ ക്രമാതീതമായി പ്രവേശനം നേടുന്നുവെന്ന ആരോപണങ്ങള്‍ യൂനിവേഴ്‌സിറ്റി തള്ളി. കേരള ബോര്‍ഡില്‍ നിന്നല്ല കുടുതല്‍ വിദ്യാര്‍ത്ഥികളെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും യൂനിവേഴ്‌സിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴു വരെയുള്ള പ്രവേശന കണക്കുകളും ഇതോടൊപ്പം പുറത്തുവിട്ടു. ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍ അപേക്ഷകരുടെ സംസ്ഥാനമോ സ്‌കൂള്‍ ബോര്‍ഡോ നോക്കാതെ അപേക്ഷകരുടെ അക്കാഡമിക് നേട്ടങ്ങളെ ഒരോപോലെയാണ് പരിഗണിക്കുന്നതെന്നും തുല്യത ഉറപ്പാക്കുന്നുണ്ടെന്നും ഈ വര്‍ഷവും മെരിറ്റ് അടിസ്ഥാനമാക്കിയുള്ള തുല്യാവസരമാണ് നല്‍കുന്നതെന്നും വാഴ്‌സിറ്റി വ്യക്തമാക്കി. 

Also Read കേരളത്തില്‍ 'മാര്‍ക്ക് ജിഹാദെന്ന്' ദൽഹി യുനിവേഴ്സിറ്റി പ്രൊഫസര്‍; 100% മാര്‍ക്കുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പ്രചരണം

ആദ്യ കട്ട് ഓഫ് ലിസ്റ്റ് പ്രകാരം 60,904 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ബിരുദ കോഴ്‌സുകളിലേക്ക് ദല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലെ കോളെജുകളില്‍ അപേക്ഷിച്ചത്. ഇവരില്‍ 46,054 അപേക്ഷകരും സിബിഎസ്ഇ ബോര്‍ഡാണ്. ബാക്കിയുള്ളവരാണ് വിവിധ സംസ്ഥാന ബോര്‍ഡുകളില്‍ നിന്നുള്ളവര്‍. ഒക്ടോബര്‍ ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം സിബിഎസ്ഇ ബോര്‍ഡ് പാസായ 31,172 വിദ്യാര്‍ത്ഥികള്‍ക്കും 2365 കേരള ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കും 1540 ഹരിയാന ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കും 1429 സിഐഎസ്‌സി ഇ വിദ്യാര്‍ത്ഥികള്‍ക്കും 1301 രാജസ്ഥാന്‍ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പായിട്ടുണ്ട്. 

Also Readദല്‍ഹി കോളെജില്‍ 20 സീറ്റുള്ള ബിഎ പൊളിറ്റിക്സിന് 100 അപേക്ഷകര്‍, എല്ലാവര്‍ക്കും 100% മാര്‍ക്ക്; 99 പേരും കേരളത്തില്‍ നിന്ന്

മെരിറ്റ് അടിസ്ഥാനമാക്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കുക എന്നത് യൂനിവേഴ്‌സിറ്റിയുടെ ഏറ്റവും പ്രധാനമായ ഉത്തരാവിദത്തമാണെന്നും ഇന്ത്യയിലെ ബോര്‍ഡുകളില്‍ നിന്നു മാത്രമല്ല വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തുന്നുണ്ടെന്നും സര്‍വകലാശാല വ്യക്തമാക്കി.
 

Latest News