കൊണ്ടോട്ടി- ഇന്ത്യയിൽനിന്നുളള ഹജ് സർവീസുകളിൽ പണം കൊയ്യാൻ ഇന്ത്യ-സൗദി വിമാന കമ്പനികൾ രംഗത്ത്. 2018 ഹജ് സീസണിൽ ഇന്ത്യ-സൗദി വിമാന കമ്പനികൾക്ക് മാത്രം വിമാന സർവീസ് നടത്താൻ അവസരം നൽകിയാണ് വ്യോമയാന മന്ത്രാലയം ഹജ് ടെൻഡർ ക്ഷണിച്ചത്. ഹജ് സീസണിൽ വിമാന കമ്പനികൾ നിലവിലെ നിരക്കിന്റെ ഇരട്ടിയിലേറെയാണ് വിമാന ടിക്കറ്റ് ഈടാക്കുക. ഹജ് സബ്‌സിഡി പൂർണമായും നിർത്തലാക്കിയതിനാൽ വിമാന നിരക്കിന്റെ മുഴുവൻ തുകയും ഓരോ തീർഥാടകനും നൽകേണ്ടിവരും.
കഴിഞ്ഞ വർഷം എയർപോർട്ട് നിരക്ക് അടക്കം നെടുമ്പാശ്ശേരിയിൽനിന്ന് 72,000 രൂപയാണ് ഹജിന് ഈടാക്കിയിരുന്നത്. എന്നാൽ ഇതിൽ 10,500 രൂപ സബ്‌സിഡി ലഭിച്ചിരുന്നു. ഈ വർഷം മുതൽ ഹജ് സബ്‌സിഡി പൂർണമായും നിർത്തലാക്കി. മുൻവർഷത്തേക്കാൾ വിമാന നിരക്കിൽ ഇക്കൊല്ലം വർധനവുണ്ടാകും. ആഗോള തലത്തിൽ ടെൻഡർ ക്ഷണിച്ചാൽ കൂടുതൽ വിദേശ വിമാന കമ്പനികൾ ഹജ് സർവീസ് നടത്താൻ മുന്നോട്ടു വരും. കടുത്ത മത്സരമുണ്ടാകുമെന്നതിനാൽ ഹജ് തീർഥാടകർക്ക് വിമാന നിരക്കിലെ കൊളളയിൽനിന്ന് കുറച്ചെങ്കിലും രക്ഷപ്പെടാനാകും. വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽനിന്ന് രക്ഷപ്പെടാനായി കേന്ദ്രം കപ്പൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇത്തവണ ലഭ്യമാക്കാനായിട്ടില്ല.
എയർ ഇന്ത്യ, ജെറ്റ് എയർ, സൗദി എയർലൈൻസ്, നാസ് എയർ തുടങ്ങിയവയാണ് ഈ വർഷം ഹജ് ടെൻഡർ നൽകാനിരിക്കുന്നത്. ഈ മാസം 21 നകം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ടെൻഡർ ലഭിച്ചിരിക്കണം. ഇന്ത്യയിലെ 21 ഹജ് എംബാർക്കേഷൻ പോയന്റിൽ ഇൻഡോർ ഒഴിവാക്കി 20 സ്ഥലത്തുനിന്നാണ് ഹജ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇൻഡോറിലെ തീർഥാടകർക്ക് മുംബൈയിൽനിന്ന് ഹജിന് പോകാൻ അവസരം നൽകും.
ഹജ് ടെൻഡറിന് കർശന വ്യവസ്ഥകളാണ് വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്.
സൗദിയിൽ വിമാന സർവീസ് അനുമതിയുളളവരാണ് ടെൻഡർ നൽകേണ്ടത്. 20 വർഷത്തിലധികം പഴക്കം ചെന്ന വിമാനങ്ങൾ ഉപയോഗിക്കാൻ പാടില്ല. വിമാന നിരക്ക് ഘട്ടംഘട്ടമായിട്ടായിരിക്കും വിമാന കമ്പനികൾക്ക് കേന്ദ്ര ഹജ് കമ്മിറ്റി നൽകുക. ഒരു എംബാർക്കേഷൻ പോയന്റിൽനിന്ന് നാലു മണിക്കൂർ ഇടവിട്ടായിരിക്കണം സർവീസ്. പ്രതിദിനം നാലു സർവീസ് വരെ നടത്താം. ഹജ് തീർഥാടകരുടെ അഞ്ച് ലിറ്റർ സംസം വിമാന കമ്പനി എത്തിക്കണം. ഹാന്റ് ബാഗ് 10 കിലോയും ലഗേജ് 45 കിലോയും അനുവദിക്കണം. മികച്ച ഭക്ഷണവും സൗകര്യവും നൽകണം തുടങ്ങിയവയാണ് വ്യവസ്ഥകൾ.