Sorry, you need to enable JavaScript to visit this website.

തിരിച്ചടിയെ തുടര്‍ന്ന് ബ്രിട്ടന്‍ തിരുത്തി; ഇന്ത്യക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ വേണ്ട

ന്യൂദൽഹി- ബ്രിട്ടനില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത ഇന്ത്യക്കാര്‍ക്കും ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധ 10 ദിവസ ക്വാറന്റീന്‍ ഒഴിവാക്കി. കോവിഷീല്‍ഡോ അല്ലെങ്കില്‍ ബ്രിട്ടന്‍ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിനോ പൂര്‍ണമായും എടുത്ത ഇന്ത്യക്കാര്‍ക്ക് ഒക്ടോബര്‍ 11 മുതല്‍ ക്വാറന്റീനില്ലാതെ ബ്രിട്ടനിലേക്ക് പ്രവേശിക്കാമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ഈ നടപടിയെ തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം അറിയിക്കുകയും പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ 10 ദിവസ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് ബ്രിട്ടന്‍ പരിഹാരം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പാണ് ഇന്ത്യ ബ്രിട്ടീഷുകാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഇതോടെ ബ്രിട്ടന്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ ഓരോ രാജ്യങ്ങളുമായും യോജിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്നും ഇന്ത്യയുമായുള്ള ചര്‍ച്ചകളും സഹകരണവും ഘട്ടങ്ങളായി തുടരുകയാണെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
 

Tags

Latest News