Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട്  വീട്ടിലെ അജ്ഞാതശബ്ദം; ഭൗമശാസ്ത്ര പഠനം തുടങ്ങി 

കോഴിക്കോട്- കുരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്താനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര(നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്)ത്തിന്റെ പഠനം ആരംഭിച്ചു. വീട്ടിനകത്തു നിന്നുള്ള മുഴക്കത്തിന്റെ കാരണമറിയാതെ കുടുംബം പരിഭ്രാന്തിയിലാണ്. ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര്‍ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം പരിശോധന നടത്തുന്നത്. ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് സംഘം നടത്തുന്നത്. ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടനയാണ് പരിശോധനക്ക് വിധേയമാക്കുക.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സര്‍വേ വൈകിട്ട് ഏഴ് മണിക്ക് അവസാനിച്ചു. ഇന്നും പരിശോധന തുടരും. ബിജുവിന്റെ വീടിന് സമീപത്ത് ചെങ്കല്‍ വെട്ടിയ പ്രദേശമടക്കം മൂന്നിടങ്ങളിലാണ് പരിശോധന.
രണ്ടു ദിവസത്തെ പരിശോധനയില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ലാബില്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദഗ്ധ പരിശോധന നടത്തും. പഠനത്തിന് ശേഷം ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സര്‍ക്കാറിനും ജില്ലാ കലക്ടര്‍ക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ജിയോ ഫിസിക്കല്‍ സര്‍വേ നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, അടിയന്തരമായി പ്രദേശത്ത് സര്‍വേ നടത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്. സ്ഥലം എം.എല്‍.എയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ റവന്യൂ മന്ത്രി അയച്ചത്. 

 

Latest News