കോഴിക്കോട് : അർബുദം ബാധിച്ച യുവതിയുടെ ഹൃദയഭിത്തിയും ശ്വാസകോശവും പുനർ നിർമ്മിച്ച് അപൂർവ്വ ശത്രക്രിയ നടത്തി. മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കണ്ണൂരിൽ താമസക്കാരിയായ കോഴിക്കോട് സ്വദേശിനി സ്വാതി(33)യാണ് അപൂർവ്വ ശസ്ത്രക്രിയക്ക് വിധേയയായത്. സ്വാതിയുടെ അർബുദം ബാധിച്ച് നശിച്ച വലതു ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരുഭാഗവും പുനർനിർമിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും നീക്കംചെയ്ത് പകരം കൃത്രിമമായി നിർമിച്ച് വിജയകരമായി മാറ്റിസ്ഥാപിച്ചതെന്ന് യേനപ്പോയ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. .
ജനിക്കുമ്പോൾത്തന്നെ സ്വാതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ആദ്യം നട്ടെല്ലിന് വളവുണ്ടായിരുന്നതാണ് കണ്ടുപിടിച്ചത്. വർഷങ്ങൾക്കുമുൻപ് ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കി. 2019 ജൂണിലാണ് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഭാഗങ്ങൾ നീക്കംചെയ്ത് ഇത് പുനർനിർമിക്കുക അസാധ്യമാണെന്ന് പറഞ്ഞ് ഇവിടെ നിന്നെല്ലാം തിരിച്ചയക്കുകയായിരുന്നുവെന്ന് സ്വാതിയുടെ രക്ഷിതാക്കൾ പറഞ്ഞു.പിന്നീടാണ് മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതും ഇവിടെ നിന്ന് പുതുജീവൻ ലഭിച്ചതും.