ഒരു കിർഗിസ്ഥാൻ യാത്രയുടെ ഓർമക്ക്

മഞ്ഞിനിടയിലൂടെ  നീണ്ടുപോകുന്ന ഹൈവേ. 
ബിഷ്‌കെയിക് ഓഷ് റോഡിലെ ഒരു തുരങ്കം
മഞ്ഞിന്റെ പശ്ചാത്തലത്തിൽ  ഒരു സെൽഫി 
കിർഗിസ്ഥാൻ  ഹൈവേയിലെ ടോൾ ബൂത്ത് 
യാത്രക്കിടയിൽ ഒരു കിർഗിസ്ഥാൻ പൗരനോടൊപ്പം
സൈനിക അക്കാദമിയിൽ ഇന്ത്യൻ വംശജനായ കേണൽ ജനറൽ ഷെയിഖ് റഫീഖ് ഉന്നത സൈനിക ഉദ്യോഗസ്ഥരോടൊപ്പം. 
ബിഷ്‌കെയിക്കിലെ മാർക്കറ്റ് 

ശാന്തമായ ഒരു മഹാ സമുദ്രം പോലെ മഞ്ഞലകൾ കൺമുന്നിൽ. ആകാശ പേടകം റൺവേയെ മൂടിയ മഞ്ഞിൽ നിന്ന് തെന്നി മാറ്റുമോ എന്ന ആശങ്കയായിരുന്നു മനസ്സിൽ. സഹയാത്രികനായ സുഡാൻ വംശജൻ ദുബായിൽ നിന്ന് കയറിയതു മുതൽ ഖുർആൻ പാരായണത്തിലാണ്. ലാന്റിംഗിനു തൊട്ടു മുമ്പ് അയാൾ പറഞ്ഞു, അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കിൽ നമ്മൾ അനായാസം ലാന്റ് ചെയ്യും. അതെ, അതു തന്നെ സംഭവിച്ചു. അനായാസ ലാന്റിംഗ്. ശ്വാസം സാധാരണ നിലയിലായി. ആശങ്കകൾ കൂടു വിട്ടൊഴിഞ്ഞു. കടുത്ത തണുപ്പ് സൂചിമുനകളുടെ സ്പർശം പോലെ ശരീരത്തെ നോവിച്ചു. എവിടെയും മഞ്ഞാണ്. കിർഗിസ്ഥാനിലെ എന്റെ ആദ്യ ദിവസം മഞ്ഞിനെ തലോടിക്കൊണ്ട് തുടങ്ങുകയായി. കടുത്ത തണുപ്പിലേക്ക് കൈവീശി എയർപോർട്ടിനു പുറത്ത് കാത്തു നിന്നിരുന്ന അസീം ഭായിയുടെ അടുത്തേക്ക്. ഇപ്പോൾ പുലർച്ചെ നാലു  മണി. ഞാൻ ജോലി ചെയ്യുന്ന സൗദിയുമായി നാലു മണിക്കൂർ വ്യത്യാസം.  അതുകൊണ്ട് തന്നെ സഹ പ്രവർത്തകരെയോ കൂടെ താമസിക്കുന്നവരെയോ വിളിച്ചില്ല. എല്ലാവർക്കും വാട്‌സ്ആപ്പ് മെസേജ് അയച്ചു. ഈ കാലത്തിന്റെ ചിത്രീകരണ വിനോദമായ സെൽഫിയെടുത്ത് ഫെയിസ് ബുക്കിലും പോസ്റ്റ് ചെയ്തു. 
സുഹൃത്തുക്കളെ, ഞാനിപ്പോൾ കിർഗിസ്ഥാനിലാണ്. ഒരു കാലത്ത് യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കും തിരിച്ചും സാർഥവാഹക സംഘങ്ങൾ യാത്ര ചെയ്തിരുന്ന സിൽക്ക് റോഡ് കടന്നു പോയിരുന്ന കിർഗിസ്ഥാൻ. കിർഗിസ്ഥാന്റെ തെക്കൻ പ്രവിശ്യയായ പുരാതന നഗരമായ ഓഷിലാണ് സുദീർഘ യാത്രകൾക്കിടയിൽ സാർഥവാഹക സംഘങ്ങൾ വിശ്രമിച്ചിരുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക ചിഹ്നങ്ങളിൽ വിഖ്യാതമായ സുലൈമാൻ മല സ്ഥിതി ചെയ്യുന്നതും കിർഗിസ്ഥാനിൽ തന്നെ.   ഗോർബച്ചോവിന്റെ പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും തീർത്ത ഓളത്തിൽ സ്വതന്ത്ര രാഷ്ട്രമായി മാറിയ കിർഗിസ്ഥാൻ ചൈന, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ നാലു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മധ്യേഷ്യൻ രാജ്യമാണ്. 1991 ഓഗസ്റ്റ് 31 നാണ് കിർഗിസ്ഥാൻ സ്വതന്ത്ര രാജ്യമായത്. സ്വതന്ത്ര രാജ്യമാണെങ്കിലും കിർഗിസ്ഥാൻ റഷ്യ തന്നെയാണ്. അല്ലെങ്കിൽ റഷ്യയുടെ ഒരു മിനി പതിപ്പ്. ഞങ്ങൾ നിരീക്ഷിക്കും നിങ്ങൾ ഭരിക്കൂ എന്ന നിലയിൽ റഷ്യ അവരുടെ സാന്നിധ്യം ഇപ്പോഴും നിലനിർത്തുന്ന രാജ്യം. 
കിർഗിസ്ഥാനിൽ നിന്ന് കമ്യൂണിസം കുടിയോഴിഞ്ഞു പോയി. ഇസ്‌ലാമിക രാഷ്ട്രമാണ് കിർഗിസ്ഥാൻ. 73,861 ചതുരശ്ര മൈലാണ് ഈ രാജ്യത്തിന്റെ വിസ്തീർണം. ആറു ദശലക്ഷമാണ് ജനസംഖ്യ. ജനസംഖ്യയിൽ 83 ശതമാനം സുന്നി മുസ്‌ലിംകളാണ്. ക്രിസ്ത്യാനികൾ പതിനഞ്ചു ശതമാനം. ചെറിയൊരു ശതമാനം ബുദ്ധമതക്കാരും ജൂതൻമാരുമുണ്ട്. ഇന്ത്യക്കാരായ നൂറുകണക്കിന് വിദ്യാർഥികൾ കിർഗിസ്ഥാനിൽ വൈദ്യശാസ്ത്രം പഠിക്കുന്നുണ്ട്. ഇവരിൽ അധികവും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. മൂന്നാഴ്ചയിലധികം  നീണ്ട കിർഗിസ്ഥാൻ താമസത്തിനിടയിൽ ഏതാനും മലയാളി വിദ്യാർഥിനികളെ കണ്ടുമുട്ടി. ഒരു വർഷം ഭാഷാ പഠനം അടക്കം ആറു വർഷമാണ് വൈദ്യ ശാസ്ത്ര പഠനം. കേരളത്തിലെ സ്വാശ്രയ കോളേജുകൾ ഈടാക്കുന്നതിനേക്കാൾ കുറവ് തുകക്ക് കിർഗിസ്ഥാനിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ചിറങ്ങാം. പിന്നീട് ഇന്ത്യയിൽ അംഗീകാരത്തിന് പരീക്ഷയെഴുതണമെന്ന് മാത്രം. അതിനുള്ള പരിശീലനവും ഇവിടെ നിന്ന് ലഭിക്കും. ഹോസ്റ്റൽ അടക്കമുള്ള മൊത്തം പാക്കേജാണ് എജ്യുക്കേഷൻ കൺസൽട്ടൻസി സ്ഥാപനങ്ങൾ ഈടാക്കുന്നത്. 
കവിതക്കും കഥക്കും അപ്പുറത്ത് മഴ പോലെ മഞ്ഞു പെയ്യുന്ന പുലർകാലം ജീവിതത്തിൽ ആദ്യമായി കാണുകയാണ്.  രാപ്പകൽ സജീവമായി ജോലി ചെയ്യുന്ന മുനിസിപ്പൽ ജീവനക്കാർ മഞ്ഞു വകഞ്ഞു മാറ്റിയ റോഡിലൂടെ അസിം ഭായിയുടെ വാഹനം  നീങ്ങി. മഞ്ഞ് കഴുകി തുടച്ചിട്ട റോഡിൽ നിന്ന് വാഹനം തെന്നി മാറുമോ എന്ന് ഭയപ്പെട്ടാണ് ഞാനിരുന്നത്. വഴിയോരത്ത് വൃത്തിയിൽ വെട്ടി നിർത്തിയ മരങ്ങളുടെ എല്ലാ ശിഖരങ്ങളെയും മഞ്ഞ് പൊതിഞ്ഞിരുന്നു. നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോൾ അസിം ഭായി ഒരു തുർക്കിഷ് റെസ്റ്റോറന്റിനു മുന്നിൽ വാഹനം നിർത്തി. പാതി വെന്ത ഇറച്ചിയും റൊട്ടിയും കഴിച്ച് വിശപ്പടക്കി. വെള്ളത്തിനു പകരം എല്ലാ റെസ്റ്റോറന്റുകളിലും വലിയ കപ്പുകളിൽ നല്ല ചൂടുള്ള ഗ്രീൻ ടീയാണ് തരിക. കിർഗിസ്ഥാനിൽ രാത്രി മനോഹരവും സജീവവുമാണ്. നിശാ ക്ലബ്ബുകളിൽ നിന്നും സാധാരണ റെസ്റ്റോറന്റുകളിൽ നിന്നും ഉയരുന്ന പാശ്ചാത്യ സംഗീതത്തിന്റെ താളത്തിൽ ചാഞ്ചാടുന്ന നഗരത്തിൽ കണ്ടുമുട്ടിയ മനുഷ്യരെല്ലാം സന്തോഷവാൻമാരായിരുന്നു. നാളെ ജീവിക്കാൻ കൂട്ടിവെക്കുന്ന, ഭാവിയെ കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്ന മനുഷ്യരുടെ കൂട്ടമല്ല ഇവിടെയുള്ളത്. ജീവിതം ആഘോഷിക്കുന്നവരാണ് ഇവർ. ഒരേ സമയം യൂറോപ്പിനെയും ചൈനയെയും റഷ്യയെയും ഉൾക്കൊണ്ടു കൊണ്ട് ഒരു തനത് ജീവിത രീതി രൂപപ്പെടുത്തിയവർ. നല്ല ഉയരവും വെളുത്ത നിറവും സൗന്ദര്യവുമുള്ളവരാണ് സ്ത്രീ പുരുഷൻമാർ. അവരുടെ മുഖങ്ങൾ പ്രസന്നമാണ്. 
നേരം വൈകിയാണ് ഉണർന്നത്. താമസിക്കുന്ന ഹോട്ടലിൽ നിന്നു തന്നെ ഭക്ഷണം കഴിച്ചു. അസിം ഭായിയുടെ കൂടെ ചില ഔദ്യോഗിക ജോലികൾ നിർവഹിക്കാൻ പുറത്തു പോയി. ജോലി പൂർത്തിയാക്കി കഴിഞ്ഞപ്പോഴും പകൽ ബാക്കി. അസിം ഭായി പിരിഞ്ഞു പോയ ശേഷം നഗരത്തിൽ വെറുതെ നടക്കാനിറങ്ങി. മഞ്ഞിൽ ദൂരക്കാഴ്ചകൾ മങ്ങിപ്പോകുന്നു. ലെതർ ജാക്കറ്റിനെ കീറി മുറിച്ചാണ് തണുപ്പ് ശരീരത്തെ പൊതിയുന്നത്. ഇതൊന്നും വക വെക്കാതെ നടന്നു. ചിത്രങ്ങളെടുത്തു. വഴിയോരത്ത് സാമാന്യം വലിപ്പമുള്ള ഒരു ഫുട്‌ബോൾ സ്റ്റേഡിയം.  കളിക്കാനാരുമില്ല. ഗ്രൗണ്ടും ഗാലറിയിലെ കസേരകളും മഞ്ഞിൽ പുതഞ്ഞിരിക്കുന്നു. കിർഗിസ്ഥാനിലെ താമസത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ ആ സ്റ്റേഡിയത്തിന്റെ പച്ച ഗ്രൗണ്ട് ടർഫ് കണ്ടില്ല. എന്നും പല നേരങ്ങളിൽ നോക്കും. സദാ സമയവും സ്റ്റേഡിയം മഞ്ഞിന്റെ ആവരണത്തിൽ തന്നെയായിരുന്നു.  റോഡിൽ തെന്നി വീഴാതെ പതുക്കെ സൂക്ഷിച്ച് നടന്നെത്തിയത് വിശാലമായ ഒരു മാർക്കറ്റിലാണ്. ഒരു ഗ്രാമ ചന്ത പോലെ നഗര നടുവിൽ ഒരു മാർക്കറ്റ്.  കച്ചവടം നടത്തുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകൾ. പച്ചക്കറിയും മീനും പഴവർഗങ്ങളും മുതൽ ഏതാണ്ടെല്ലാ നിത്യോപയോഗ സാധനങ്ങളും ഇവിടെ സുലഭം. കിർഗിസ്ഥാനിൽ ജീവിതച്ചെലവ് കുറവാണ്. കിർഗിസ്ഥാൻ കറൻസിയായ ഒരു സോം നമ്മുടെ ഒരു രൂപക്ക് ഏതാണ്ട് തുല്യമാണ്. അതു കൊണ്ട് തന്നെ പ്രവാസത്തിന് വലിയ സ്‌കോപ്പില്ല. ഒന്നിനു പതിനേഴും പതിനെട്ടും കിട്ടാതെന്തു പ്രവാസം? അതുകൊണ്ട് ജോലിയൊന്നും തിരക്കി കുടിയേറാൻ വലിയ വകുപ്പില്ല. 
അടുത്ത ദിവസം മുതൽ തിരക്കായിരുന്നു. നീണ്ട യാത്രകൾ. ഔദ്യോഗിക മീറ്റിംഗുകൾ. നഗര കാഴ്ചകൾ കാണാൻ സമയം കിട്ടിയില്ല. ഒരു സഞ്ചാരിയുടെ മനസ്സിൽ കൗതുകം നിറക്കുന്ന നിരവധി കാഴ്ചകളുണ്ട് കിർഗിസ്ഥാനിൽ. പക്ഷേ ജനുവരിയായതിനാൽ എല്ലാം മഞ്ഞലകൾക്ക് താഴെയാണ്. പർവതങ്ങൾ പോലും മഞ്ഞിൻ പർവതങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഹോട്ടൽ ലോബിയിലും വിവിധ ഓഫീസുകളിലുമായി ദിവസങ്ങൾ നീങ്ങുന്നതിനിടെ ഒരു ദീർഘ ദൂരയാത്രക്ക് അവസരം കിട്ടി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെയിക്കിൽ നിന്ന് പുരാതന നഗരമായ ഓഷിലേക്ക് പന്ത്രണ്ട് മണിക്കൂർ നീണ്ട യാത്ര. ഇരുട്ട് മൂടിയ നിരവധി തുരങ്കങ്ങൾക്കടിയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. പൊട്ടും വിള്ളലുമൊന്നുമില്ലാതെ മഞ്ഞിൽ കഴുകി നീണ്ടുകിടക്കുന്ന റോഡുകൾ. തുരങ്കത്തിൽ പ്രവേശിക്കുമ്പോൾ ശരിക്കും ഭയപ്പെട്ടുപോകും. ഭയാനകമായ ഇരുട്ടിനെ കീറി മുറിക്കുന്ന പ്രകാശം ഹെഡ് ലൈറ്റ് മാത്രം. എക്‌സോസ്റ്റ് സിസ്റ്റം ഒരു തുരങ്കത്തിലും കണ്ടില്ല. തുരങ്കത്തിനകത്തു വെച്ച് അപകടം സംഭവിച്ചാൽ എന്താകും സ്ഥിതിയെന്ന് ഡ്രൈവറോട് ചോദിച്ചു. തീരെ അലസമായി അയാൾ മറുപടി പറഞ്ഞു, എന്താകാൻ, മരിച്ചു പോകും.  ഈ റോഡിൽ ഒരു ടോൾ ബൂത്തുമുണ്ട്. നാടിനെയും ടോൾ ബൂത്തിനെതിരെയുള്ള സമരങ്ങളും ഓർമ വന്നു. വലിയ തിരക്കില്ലാതെ ക്യൂവിൽ കിടക്കാതെ കടന്നുപോകാം. വഴിയോരത്ത് ചായ കുടിക്കാനും വിശ്രമത്തിനുമായി നിർത്തിയപ്പോൾ വാഹനത്തിന് അടുത്ത് വന്ന യാചകൻ ഞാൻ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ മിഥുൻ ചക്രവർത്തിയുടെ ഡിസ്‌കോ ഡാൻസറിലെ ജീമി ജീമി ആജാ ആജാ എന്ന ഹിന്ദി ഗാനത്തിന്റെ വരികൾ മൂളി തുടങ്ങി. റഷ്യക്കാർക്ക് എക്കാലത്തും പ്രിയപ്പെട്ട താരമായിരുന്നു രാജ് കപൂർ. നല്ല കാലത്ത് നിരവധി ഹിന്ദി സിനിമകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ യാചകന് ഞങ്ങൾ കൈ നിറയെ പണം കൊടുത്തു. ഇന്ത്യക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ്  പാട്ടും പാടി അയാൾ മഞ്ഞിൽ മറഞ്ഞു. ഇന്ത്യ എന്നു പറഞ്ഞാൽ കിർഗിസ്ഥാൻകാർക്ക് എപ്പോഴും ഇന്ത്യൻ സിനിമയാണ്.  ബിഷ്‌കെയിക്കിലെ പ്രമുഖ റെസ്റ്റോറന്റിലെ പാർട്ടിക്കിടയിലും ഞാൻ ഹിന്ദി ഗാനം കേട്ടു. റെസ്റ്റോറന്റുകളിലെല്ലാം സംഗീതമുണ്ട്. നിങ്ങൾ ആവശ്യപ്പെട്ടാൽ ഗായകർ കരോക്കയുടെ പിന്തുണയോടെ ഹിന്ദി ഗാനങ്ങൾ ആലപിക്കും. ഒന്നു പാടണമെന്ന് തോന്നിയാൽ അതിനും അവസരമുണ്ട്.  
കിർഗിസ്ഥാന്റെ തെക്കൻ പ്രവിശ്യയിലാണ് ഓഷ് എന്ന പുരാതന നഗരം. ചരിത്രം കഥ പറയുന്ന നഗരമാണ് ഇത്. റഷ്യൻ നാടോടി ഗാനങ്ങളും കലയും സമ്മേളിക്കുന്ന ഈ നഗരം ഒരു കാലത്ത് ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പോയിരുന്ന സാർഥ വാഹക സംഘങ്ങളുടെ വിശ്രമ കേന്ദ്രമായിരുന്നു. അതി മനോഹരമായ ചരിത്ര നഗരം. ഇവിടെ അഫ്ഗാൻ റഷ്യൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ പുനരധിവാസ കേന്ദ്രമുണ്ട്. മൈൻ പൊട്ടിയ അപകടത്തിൽ തകർന്നു പോയ മുതുകെല്ലുമായി ഒരു സൈനികൻ. കാലുകൾ ചിന്നിച്ചിതറിപ്പോയ മറ്റൊരാൾ. വീൽ ചെയറിൽ ചിലർ. എല്ലാവരും സൈനിക വേഷത്തിലാണ്. ഇന്ത്യൻ വംശജനും മലയാളിയുമായ ഷെയിഖ് റഫീഖ് കിർഗിസ്ഥാന്റെ കേണൽ ജനറലായി ചുമതലയേറ്റ ശേഷമുള്ള സൈനിക ക്യാമ്പ് സന്ദർശന സംഘത്തിലെ അംഗമായിരുന്നതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന ലഭിച്ചു. എന്നെ കൂടാതെ മലയാളിയായ മുഹമ്മദ് ഫജ്‌നാസും സംഘത്തിലുണ്ടായിരുന്നു. പതിറ്റാണ്ടു നീണ്ട യുദ്ധത്തിന്റെ നടുക്കുന്ന ഓർമകൾ ഇരമ്പുന്ന മനസ്സുമായി പല സൈനികരും ഈ ക്യാമ്പിലുണ്ട്. ഇവിടെ ഒരു സൈനിക അക്കാദമിയും പ്രവർത്തിക്കുന്നുണ്ട്. ഈ സൈനിക അക്കാദമിയുടെ ചുമതലയും അഫ്ഗാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ പുനരധിവാസവുമാണ് കേണൽ ഷെയിഖ് റഫീഖിന്റെ ചുമതല. ഓഷിൽ നിന്നുള്ള മടക്ക യാത്രയിൽ സുലൈമാൻ മല സന്ദർശനം ഉൾപ്പെടുത്തിയിരുന്നെങ്കിലും കടുത്ത മഞ്ഞു കാരണം അവിടേക്കുള്ള പ്രവേശനം വിലക്കിയിരുന്നത് എന്നെ നിരാശനാക്കി. മഞ്ഞ് അതിന്റെ സർവ പ്രതാപത്തോടെയും പെയ്തിറങ്ങുന്ന വഴികളിലൂടെ  ഞങ്ങൾ മടക്ക യാത്ര തുടർന്നു. ഒരിക്കൽ സന്ദർശിച്ചാൽ കിർഗിസ്ഥാനും അവിടത്തെ മനസ്സിനും ശരീരത്തിനും സൗന്ദര്യമുള്ള മനുഷ്യരും മഞ്ഞും മരങ്ങളും നമ്മെ വീണ്ടും വിളിച്ചുകൊണ്ടിരിക്കും.  

Latest News