പോഷക സംഘടനകൾക്ക് താക്കീതുമായി  മുസ്‌ലിം ലീഗ് നയരേഖ

മലപ്പുറം- അച്ചടക്ക ലംഘനം നടത്തുന്ന പോഷക സംഘടനകൾക്ക് താക്കീതുമായി മുസ്ലിം ലീഗിന്റെ നയരേഖ. പാർട്ടിയുടെ ലക്ഷ്യങ്ങളിൽ നിന്നും ആദർശങ്ങളിൽനിന്നും വ്യതിചലിക്കാൻ പോഷക സംഘടനകളെ അനുവദിക്കില്ലെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു. എം.എസ്.എഫ്. ഹരിത, കെ.എം.സി.സി തുടങ്ങിയ പോഷക സംഘടനകളിൽ അടുത്ത കാലത്തുണ്ടായ അച്ചടക്ക ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ പുതിയ നയരേഖയിൽ പോഷക സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ച് കർശന നിർദേശങ്ങൾ ഉൾപ്പെടുത്തിയത്. നയരേഖയുടെ മൂന്നാം ഭാഗത്ത് പോഷക സംഘടനകൾ എന്ന ശീർഷകത്തിലാണ് നിർദേശങ്ങളുള്ളത്.
തങ്ങൾ പ്രതിനിധീകരിക്കുന്ന വിവിധ വിഭാഗങ്ങളിലേക്ക് സംഘടനയുടെ ലക്ഷ്യവും ആദർശവും പൂർണാർത്ഥത്തിൽ എത്തിക്കുന്നതിനും അത് ഉൾകൊണ്ട് പ്രവർത്തിക്കുന്നതിനും പോഷക സംഘടനകൾക്ക് സാധിക്കേണ്ടതുണ്ടെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു. ഇതിൽ നിന്നുള്ള വ്യതിചലനങ്ങൾ യാതൊരു തലത്തിലും അനുവദിക്കുന്നതല്ല. പോഷക സംഘടനകളുടെ ചുമതലകൾ ഏൽപ്പിക്കപ്പെട്ട സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിലും അറിവോട് കൂടിയും മാത്രമേ പ്രധാനപ്പെട്ട നയനിലപാടുകളും സംഘടനാ പരിപാടികളും തീരുമാനിക്കാവൂ. താഴെ തലം മുതൽ സംഘടനയുടെ ഭരണഘടനക്ക് അനുസൃതമായി മാത്രമേ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്നും നയരേഖ വ്യക്തമാക്കുന്നു.
പോഷക സംഘടനകളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ പരമാവധി രണ്ടു ടേം മാത്രമേ മുഖ്യഭാരവാഹിത്വം വഹിക്കാൻ പാടുള്ളൂവെന്ന നിബന്ധനയും നയരേഖയിലുണ്ട്. മുസ്്‌ലിം ലീഗ് ഭരണഘടനയിൽ പറയുന്ന പോഷക സംഘടനകൾക്ക് പുറമെയുള്ള സംഘടനകളെ അനുബന്ധ സംഘടനകളായാണ് പരിഗണിക്കുക. പുതിയ പോഷക സംഘടനകളോ അതിന്റെ അനുബന്ധ സംഘടനകളോ രൂപീകരിക്കാൻ പാർട്ടി നേതൃത്വത്തിന്റെ മുൻകൂർ അനുമതി വേണമെന്നും നയരേഖ വ്യക്തമാക്കുന്നു.
വനിതാ ലീഗിന്റെ പ്രവർത്തനം കാലോചിതമായി മെച്ചപ്പെടുത്തണമെന്ന നിർദേശവും നയരേഖയിലുണ്ട്. ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായും കാലോചിതമായും വനിതാ ലീഗിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടു പോകണം. മത, ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായി സംഘടനാ തലത്തിൽ സ്ത്രീശാക്തീകരണത്തിന് വനിതാ ലീഗ് നേതൃത്വം നൽകണമെന്നും നയരേഖ നിർദേശിക്കുന്നു. മുസ്്‌ലിം ലീഗിന്റെ ഭരണഘടനയിൽ പ്രതിപാദിക്കുന്ന പോഷക സംഘടനകളിൽ 20 ശമതാനം സ്ത്രീസംവരണം ഏർപ്പെടുത്തുമെന്ന് നേരത്തെ മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡ്വ. പി.എം.എ സലാം അറിയിച്ചിരുന്നു.

Latest News