കൊച്ചി- ഐ.ടി. പ്രൊഫഷണലുകൾക്കും യുവാക്കൾക്കുമിടയിൽ മയക്കു മരുന്നു വിൽപ്പന നടത്തിവന്നിരുന്ന സംഘം പിടിയിൽ. ഇതരസംസ്ഥാനത്തു നിന്നും മയക്കു മരുന്ന് എത്തിച്ചു വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശിയായ ആമിനാ മൻസിലിൽ ജിഹാദ് ബഷീർ (30), കൊല്ലം ഇടവെട്ടം സ്വദേശിനി അനിലാ രവീന്ദ്രൻ (29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ ബേബി (25) എന്നിവരെ കൂടാതെ മയക്കു മരുന്ന് ഉപയോഗിക്കുന്നതിന് എത്തിയിരുന്ന നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ (23), മനയ്ക്കപ്പടി സ്വദേശി അർജിത്ത് ഏയ്ഞ്ചൽ (24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ് (24), നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ് (24) എന്നിവരാണ് തൃക്കാക്കര പോലീസ്, കൊച്ചി സിറ്റി ഡാൻസാഫ് എന്നിവരുടെ സംയുക്ത പരിശോധനയിൽ പിടിയിലായത്. തൃക്കാക്കര മില്ലുപടിയിൽ വാടകക്കെടുത്ത ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്രതികൾ മയക്കുമരുന്നു വിൽപ്പന നടത്തിയിരുന്നത്. ഐ.ടി കമ്പനി മാനേജരെന്ന വ്യാജേനയാണ് മയക്കു മരുന്ന് ഇടപാടിനായി പ്രതി ജിഹാദ് ബഷീർ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. നിരോധിത മയക്കുമരുന്നായ 2.5 ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും ഹാഷ് ഓയിൽ, ഹാഷിഷ് എന്നിവയും പ്രതികളിൽ നിന്നും പിടിച്ചെടുത്തു. കൊച്ചി സിറ്റി ഡി.ഡി.പി ഐശ്വര്യ ഡോംഗ്രേക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് അസി.കമ്മിഷണർ കെ.എ അബ്ദുൾ സലാമിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സബ് ഇൻസ്പെക്ടർ, തൃക്കാക്കര സബ് ഇൻസ്പെക്ടർ റഫീഖ്.എൻ.ഐ എന്നിവരുടെ നേതൃത്വത്തിൽ, എ.എസ്.ഐ വേണു, സിപിഒമാരായ ഷിബിൻ, ഷാജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.