യു.പിയിൽ 48 മണിക്കൂറിനിടെ 18 ഏറ്റുമുട്ടലുകൾ

  • ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർ പിടിയിൽ 
  • സ്വയം പ്രതിരോധമെന്ന്  പോലീസ്


ലഖ്‌നൗ- ഉത്തർ പ്രദേശിൽ 48 മണിക്കൂറിനിടെ പോലീസ് നടത്തിയത് 18 ഏറ്റുമുട്ടലുകൾ. നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന 25 പേരെ പിടികൂടാനും ഒരാളെ കൊലപ്പെടുത്താനും ഇതുവഴി കഴിഞ്ഞുവെന്ന് യു.പി പോലീസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ തലക്ക് പോലീസ് നേരത്തെ 25,000 രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നു. മുസഫർ നഗറിൽനിന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. 33 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്ദ്രപാൽ എന്നയാളെയാണ് പടിഞ്ഞാറൻ യു.പിയിലെ മുസഫർ നഗറിൽ പോലീസ് കൊലപ്പെടുത്തിയത്. 2013-ൽ ഉത്തരാഖണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇന്ദ്രപാൽ. 
കനൗജ് ജില്ലയിലാണ് ഏറ്റവുമൊടുവിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ രണ്ടു പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഇതിലെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഗോരഖ്പൂരിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു പേരെ പിടികൂടി. ഇവരുടെ തലക്ക് 50,000 രൂപയാണ് റിവാർഡ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞയാഴ്ച്ച ദിനേശ് ഗുപ്ത എന്നയാളെ വധിച്ച കേസിലെ പ്രതികളാണ് ഇവർ. പോലീസ് ഏറ്റുമുട്ടലിനെ പുതുതായി ചുമതലയേറ്റ ഡി.ജി.പി ഒ.പി സിംഗ് ന്യായീകരിച്ചു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെപ്പ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം 950 ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് നടന്നത്. അധികാരമേറ്റ് ഒരു വർഷം പോലും തികയുന്നതിന് മുമ്പാണിത്. ഇരുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും 30 ഓളം പേരെ ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന ഏറ്റുമുട്ടലുകളുടെ സമ്പൂർണ വിവരം ലഭ്യമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ നവംബറിൽ ആവശ്യപ്പെട്ടിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. എന്നാൽ, ഓരോ ഏറ്റുമുട്ടലിന് ശേഷവും മജിസ്റ്റീരിയൽ ലെവൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് വെടിവെപ്പിൽ എട്ടുവയസുള്ള ബാലൻ കൊല്ലപ്പെട്ടത്. കുറ്റവാളികളെന്ന് ആരോപിക്കുന്നവരും പോലീസും തമ്മിൽ നടന്ന വെടിവെപ്പിനിടെയായിരുന്നു സംഭവം. മഥുരയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ക്രിമിനലുകളെ പിടികൂടുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്. 
 

Latest News